കവന്‍ട്രി: പിച്ചവച്ചു നടക്കേണ്ട പ്രായത്തില്‍ വിധി പിടിച്ചു ദുരിത വഴിയിലേക്ക് വീഴ്ത്തുക. ഇപ്പോള്‍ 16 വയസുകാരനായ ഗോവിന്ദ് നമ്പ്യാര്‍ എന്ന കൗമാരക്കാരന്റെ ജീവിതത്തില്‍ 18 മാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യമാണത്. ഏതു മാതാപിതാക്കളുടെയും ഉള്ളുലഞ്ഞു പോകാവുന്ന രോഗ അവസ്ഥയാണ് കുഞ്ഞു ഗോവിന്ദിനെ തേടി എത്തിയത്. ശിഷ്ടകാലം മരുന്നും ചികിത്സയുമായി മുന്നോട്ടു പോകണം എന്ന് വിധി തീരുമാനിച്ചപ്പോള്‍ ആദ്യത്തെ അങ്കലാപ്പും ആശങ്കയും വേദനയും നിസ്സഹായതയും എല്ലാം തട്ടിയെറിഞ്ഞു ധീരരായ ഗോവിന്ദിന്റെ അച്ഛനും അമ്മയുമായ നിധിന്‍ രാധാകൃഷ്ണനും കവിത നമ്പ്യാരും തീരുമാനിച്ചത് എന്ത് വില നല്‍കിയും തങ്ങളെ പരീക്ഷിക്കാന്‍ എത്തിയ വിധിക്കെതിരെ പോരാടണം എന്നാണ്.

തുടര്‍ന്ന് ഇപ്പോള്‍ 15 വര്‍ഷം പിന്നിടുമ്പോഴും സെറിബ്രല്‍ പാള്‍സി ബാധിച്ച മകനൊപ്പം അവര്‍ ആ പോരാട്ടം തുടരുകയാണ്. പക്ഷെ ഇപ്പോള്‍ പഴയ ആശങ്കയോ അങ്കലാപ്പോ അല്ല, പകരം ധീരനായ മകന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് ആ പോരാട്ടം. മക്കള്‍ക്ക് ഒരു പനി വന്നാല്‍ പോലും അവശരായി മാറുന്ന മാതാപിതാക്കള്‍ക്ക് ഓര്‍ത്തു വയ്ക്കാവുന്ന മുഖമാണിപ്പോള്‍ നിഥിനും കവിതയും.

കോഴിക്കോട് സ്വദേശികളായ ഈ ദമ്പതികളും അവരുടെ മകന്‍ ഗോവിന്ദും ഒട്ടേറെ മനുഷ്യര്‍ക്ക് ജീവിതത്തെ പ്രതീക്ഷയോടെയും സ്വപ്നത്തോടെയും സ്വീകരിക്കാന്‍ ഉള്ള ബിംബങ്ങളായാണ് വാര്‍ത്ത മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ക്ക് മുന്‍പില്‍ തോറ്റുകൊടുക്കുകയല്ല മറിച്ചു സധൈര്യം നേരിട്ടു വിധിയെ പോലും തോല്‍പിക്കണം എന്നാണ് നിഥിനും കവിതയും ഗോവിന്ദും സ്വന്തം ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്. ഈ ധീരതയാണ് ഇപ്പോള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങളെ പ്രചോദിപ്പിക്കുന്നത്.

ഇത്തരം പോസിറ്റീവ് എനര്‍ജി നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നവര്‍ക്ക് കണ്ണും കാതും കൂര്‍പ്പിച്ചു കേള്‍ക്കാനും കാണാനും ഉള്ള അനേകം അനുഭവങ്ങളാണ് മൂവര്‍ക്കും പങ്കിടാനുള്ളത്. ഗോവിന്ദില്‍ നിന്നും ആ പോരാട്ട കഥയുടെ ചെറിയൊരു ഏട് രണ്ടോ മൂന്നോ മിനിറ്റില്‍ കേള്‍ക്കാനായപ്പോള്‍ ബിബിസി റേഡിയോ അവതാരക മിനിഞ്ഞാന്ന് രാവിലെയുള്ള ടോക് ഷോയില്‍ പറഞ്ഞത് ഒരൊറ്റ വാചകമാണ്, ''ഇട്സ് ഇന്‍ക്രെഡിബിള്‍ ഗോവിന്ദ്'', അതെ തീര്‍ച്ചയായും അവിശ്വസനീയമായ ജീവിത കഥ തന്നെയാണ് ഗോവിന്ദിന്റേത്.

ഏറെ പരീക്ഷണ ഘട്ടങ്ങള്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച മകനൊപ്പം തീ തിന്നു തീര്‍ത്ത നിഥിനും കവിതയ്ക്കും ഗോവിന്ദ് വെറും ഒരു മകനല്ല പകരം അവരുടെ ജീവിതത്തിലെ ഹീറോ ആയി മാറിയിരിക്കുകയാണ്. പലര്‍ക്കും ഗോവിന്ദ് ഇപ്പോള്‍ പിറക്കാതെ പോയ മകനെ പോലെയാണ്. കരുണയും സഹാനുഭൂതിയും തേടി എത്തേണ്ട കണ്ണുകളുമായി ഗോവിന്ദിനോപ്പം വന്നേക്കാമായിരുന്ന ആളുകള്‍ക്കിപ്പോള്‍ അത്ഭുതത്തോടെയും ആദരവോടെയും മാത്രമേ ഗോവിന്ദിനെ കാണാനാകൂ.

ഈ കൊച്ചു മിടുക്കന്‍ ബ്രിട്ടനിലെ ദേശീയ ജൂനിയര്‍ കുതിരയോട്ട ജേതാവ് കൂടിയാണ്. മാത്രമല്ല അംഗ പരിമിതി ഉള്ളവര്‍ക്കുള്ള ഒളിമ്പിക്സ് വേദിയായ പാരാലിമ്പിക്‌സ് വേദിയില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ചു കുതിരയോട്ടത്തില്‍ പങ്കെടുക്കണം എന്ന സ്വപ്നവുമായി ജീവിക്കുന്ന ദൃഢ നിശ്ചയമാണ് മലയാളികളേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാരായ ആരാധകരെ സൃഷ്ടിച്ചു മുന്നോട്ടു നീങ്ങുന്ന ഗോവിന്ദിന്റെ ജീവിത കഥ.

അഞ്ചു വര്‍ഷം മുന്‍പ് പ്രായം കുറഞ്ഞ കുതിരയോട്ടക്കാരില്‍ രണ്ടാമന്‍, ഇപ്പോള്‍ ചാമ്പ്യന്‍

കൃത്യമായ ഗ്രാഫിലാണ് കുഞ്ഞു ഗോവിന്ദിന്റെ മുന്നോട്ടുള്ള സവാരി. അഞ്ചു വര്‍ഷം മുന്‍പ് ഗോവിന്ദ് പ്രായം കുറഞ്ഞവര്‍ക്കുള്ള മത്സരത്തില്‍ പങ്കെടുത്തു രണ്ടാമനായ കാര്യം ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങളാണ് ഗോവിന്ദിന്റെ ദൃഢ നിശ്ചയം നിറഞ്ഞ, മറ്റുളളവര്‍ക്ക് പ്രചോദനമാകുന്ന ജീവിതത്തെ വരച്ചിടുന്നത്. ചികിത്സയുടെ ഭാഗമായി മസിലുകള്‍ക്ക് ബലം നല്‍കാനുള്ള തെറാപ്പിയുടെ ഭാഗമായാണ് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ഗോവിന്ദിന് കുതിര സവാരിയും പരിശീലനവും നിര്‍ദേശിക്കുന്നത്.

ഒരു പക്ഷെ ബ്രിട്ടനില്‍ അല്ലായിരുന്നെങ്കില്‍ ഗോവിന്ദിന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെ ആകുമായിരുന്നില്ല എന്ന ചിന്തയില്‍ ഗോവിന്ദ് നേടുന്ന നേട്ടങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയുടെ വിജയം കൂടിയായി ചരിത്രം വിധി എഴുതിയേക്കാം. ഒരു പക്ഷെ ജീവിതം മുഴുവന്‍ ആരെയെങ്കിലും ആശ്രയിച്ച്, ഒന്ന് എഴുന്നേല്‍ക്കാനോ നടക്കാനോ പോലും ആരുടെയെങ്കിലും കൈതാങ്ങ് വേണമായിരുന്ന ഗോവിന്ദാണ് പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് പോലും അപ്രാപ്യമായ കുതിരയോട്ടത്തില്‍ രാജ്യത്തിന്റെ തന്നെ ചാമ്പ്യന്‍ പട്ടം അണിയുന്നത് എന്നതിനെ ബിബിസി റേഡിയോ വിശേഷിപ്പിച്ചത് പോലെ ഇന്‍ക്രെഡിബിള്‍ എന്ന വാക്ക് കൊണ്ടല്ലാതെ മറ്റൊരു തരത്തിലും ലോകത്തോട് പറയാനാകില്ല.

തനിക്ക് ഇപ്പോള്‍ ആരുടേയും സഹായം ആവശ്യമില്ലാതെ നടക്കാനും കുതിരയെ നിയന്ത്രിക്കാനും ഒക്കെ കഴിയും എന്ന് ഗോവിന്ദ് പറയുമ്പോള്‍ ആ വാക്കുകള്‍ ഒരു കുടുംബത്തിന് മാത്രമല്ല അഭിമാനമാകുന്നത്, യുകെ മലയാളികള്‍ക്കൊപ്പം ബ്രിട്ടന്‍ എന്ന രാജ്യത്തിന് തന്നെ അഭിമാനമായി മാറുകയാണ്. ഗോവിന്ദിനെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിക്കാനുള്ള തുടര്‍ ചികിത്സ പദ്ധതിയുടെ ഭാഗമായി എന്‍എച്ച്എസ് ആവിഷ്‌കരിച്ച പദ്ധതി നൂറു ശതമാനം വിജയം എന്നതാണ് ഗോവിന്ദിനെ ഭാവിയില്‍ ലോകത്തെ ആരോഗ്യ മേഖലയ്ക്ക് ഒന്നാകെ അഭിമാനിക്കാനുള്ള പേരാക്കി മാറ്റുന്നത്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെക്‌സില്‍ ഹീത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഗോവിന്ദ് ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ക്ക് ഉടമ ആണെങ്കില്‍ അതില്‍ അതി കഠിനമായ അത്യധ്വാനത്തിന്റെ കഥകള്‍ മാത്രമാണ് അച്ഛനും അമ്മയ്ക്കും ഗോവിന്ദിന്റെ ഡോക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും ഒക്കെ പറയാനുള്ളത്. ആദ്യം തെറാപ്പിയുടെ ഭാഗമായി കുതിരയെ കണ്ടപ്പോള്‍ മറ്റാരെയും പോലെ ഭയവും ആത്മവിശ്വാസക്കുറവും മൂലം മാറി നിന്നിരുന്ന ഗോവിന്ദ് സാവധാനം കുതിരകളെ ഇഷ്ടപെടുന്ന ബാലനായി സ്വയം മാറുക ആയിരുന്നു.

ബ്രിട്ടീഷ് രാജകുമാരി ആനിന്റെ ഇഷ്ട കുതിരയില്‍ പരിശീലനം, ഗോവിന്ദിന്റെ പ്രകടനം കാണാന്‍ രാജകുമാരിയും

കുതിരയോട്ട വേദികളിലെ കരുത്തനായ ട്രാഫില്‍സ് എന്ന കുതിരയിലാണ് ഗോവിന്ദ് ഏറെക്കാലവും പരിശീലനം നടത്തിയത്. ഈ കറുത്ത കുതിരയാകട്ടെ ബ്രിട്ടീഷ് രാജകുമാരി ആനിന്റെ ഇഷ്ട കുതിരയും. തന്റെ പ്രിയപ്പെട്ട കുതിരയുടെ പുറത്തു കയറി പായുന്ന ഗോവിന്ദിന്റെ പ്രകടനം കാണാന്‍ ഗ്ലോസ്റ്ററിലെ മത്സര വേദിയില്‍ ആന്‍ രാജകുമാരി എത്തിയതൊക്കെ വലിയ ആവേശത്തോടെയാണ് ഗോവിന്ദ് പറയുന്നതും ഓര്‍ത്തെടുക്കുന്നതും. റീജിയന്‍ ലെവലും ദേശീയ മത്സരവും വിജയിച്ചു മുന്നേറുന്ന ഗോവിന്ദിന്റെ അടുത്ത ലക്ഷ്യം നാഷണല്‍ പാരാലിമ്പിക്‌സ് ടീമില്‍ ഇടം കണ്ടെത്തുക എന്നതാണ്.

ഇതിനായി കെന്റിലെ ബെക്‌സില്‍ ഹീത്തിലെ വീട്ടില്‍ നിന്നും സോലിഹാള്‍ വരെ മണിക്കൂറുകള്‍ യാത്ര ചെയ്താണ് ആഴ്ചയില്‍ രണ്ടു ദിവസം പരീശീലനം നേടുന്നത്. പരിശീലനം നല്‍കുന്നതും ചില്ലറക്കാരനല്ല, പാരാലിമ്പിക്‌സ് ജേതാവ് ജോര്‍ഡി ഫിലിപ്സ് അടക്കമുള്ളവരുടെ മാര്‍ഗനിര്‍ദേശമാണ് ഗോവിന്ദിന് ലഭിക്കുന്നത്. തന്റെ ആഗ്രഹ സഫലീകരണത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായാണ് ഗോവിന്ദ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ടീമില്‍ ഇടം കണ്ടെത്തിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലന്‍ എന്ന വിശേഷണവും ഗോവിന്ദിന് ഒപ്പമുണ്ടാകും.

കുതിരയോട്ടമല്ല, അതിനേക്കാള്‍ വെല്ലുവിളിയുള്ള ഡ്രെസ്സജിലാണ് ഗോവിന്ദിന്റെ നേട്ടം

മലയാളികള്‍ക്ക് അത്ര പരിചിതം അല്ലാത്ത കുതിരയോട്ടമടക്കമുള്ള കായിക ഇനങ്ങളില്‍ ഗോവിന്ദ് പങ്കെടുക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രെസ്സജ് എന്ന ഇനത്തിലാണ്. സാധാരണ കുതിരയോട്ടത്തില്‍ വേഗമുള്ള കുതിരയും നല്ല റൈഡറും ആണെങ്കില്‍ വിജയം കണ്ടെത്താം. എന്നാല്‍ ഡ്രെസ്സജ് പോലെയുള്ള ഇനങ്ങള്‍ മത്സര ഓട്ടമല്ല, മറിച്ചു കുതിരയെ നിയന്ത്രിക്കുന്നതില്‍ ഉള്ള പ്രവീണ്യം കണ്ടെത്തുകയാണ്. ഒരാള്‍ ഒറ്റയ്ക്കാണ് ഈ മത്സര വേദിയില്‍ ഉണ്ടാവുക. വിധി കര്‍ത്താക്കള്‍ മത്സരാര്‍ത്ഥി കുതിരയെ സമ്പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ജീവനുള്ള മൃഗം എന്ന നിലയില്‍ അതിന്റെ മൂഡും ഓരോ ദിവസവും വ്യത്യസ്തം ആയിരിക്കും എന്നതിനാല്‍ മത്സര ദിവസത്തെ കുതിരയുടെ സ്വഭാവവും വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.

ഗോവിന്ദിനെ പോലെ ഏകദേശം 150 പേര്‍ക്ക് ആണ് ഡാട്ഫോഡിലെ ആരോ റൈഡിങ് സെന്ററിലെ വിദഗ്ധര്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നത്. ഇവിടെ ഉള്ളവരില്‍ ഗോവിന്ദിനെ പോലെ 70 ശതമാനം പേരും 21 വയസില്‍ താഴെയുള്ളവരുമാണ്. ഒരു വര്‍ഷം ഏറ്റവും ചുരുങ്ങിയത് 1,65,000 പൗണ്ട് എങ്കിലും പ്രവര്‍ത്തിക്കാനായി ആവശ്യം വേണ്ട ചാരിറ്റി സെന്റര്‍ കൂടിയാണ് ആരോ റൈഡിങ് സെന്റര്‍. കാര്യമായ ധനസഹായം ഒന്നും സര്‍ക്കാര്‍ ഭാഗത്തു നിന്നും കിട്ടാത്ത സാഹചര്യത്തില്‍ സെന്ററിന്റെ പ്രവര്‍ത്തനം പോലും ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നാണ് ആരോ റൈഡിങ് സെന്ററിലെ പ്രധാനിയായ വലേറി ബ്ലേക്ക് പറയുന്നത്.

ഇപ്പോഴും ചികിത്സയും പരിശീലവും ഒക്കെയായി ഗോവിന്ദ് തളരാത്ത പോരാളിയെ പോലെ ദിവസവും മത്സരിക്കുകയാണ്, തന്നെ തളര്‍ത്താന്‍ എത്തിയ വിധിയോട്. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും ധീരതയും പ്രകടിപ്പിക്കുന്ന ഗോവിന്ദിന്റെ ആത്മവീര്യത്തിനു മുന്‍പില്‍ വിധി പോലും വഴി മാറിക്കൊടുക്കുകയാണ് എന്ന് പറയേണ്ടി വരും. ഇച്ഛാശക്തിയുള്ള ഒരാള്‍ക്ക് മുന്‍പില്‍ ശാരീരിക അവശതകള്‍ പോലും വെല്ലുവിളി അല്ല എന്ന് തെളിയിക്കുന്ന അനേകായിരങ്ങള്‍ക്ക് മുന്‍പില്‍ ഗോവിന്ദ് എന്ന മൂന്നക്ഷരം ഇപ്പോള്‍ ഏറെ തിളക്കമുള്ള ഒരു പേരായി നിറയുകയാണ്. ഗോവിന്ദിനെ അടുത്തറിയുന്ന ചികിത്സ വിദഗ്ധരും പരിശീലകരും ഒക്കെ ഒരുപോലെ ഇക്കാര്യം അംഗീകരിക്കും, കാരണം അവന്‍ ഒരു പോരാളിയാണ്, അനേകര്‍ക്ക് മുന്‍പില്‍ ഒരു പ്രതീക്ഷയുമാണ്.