കണ്ണൂര്‍: കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്നും ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ആദ്യം പുറത്തുവിട്ടത് തങ്ങളെന്ന് അവകാശപ്പെട്ട് കൈരളി ന്യൂസ് ചാനലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ജയിലില്‍ നിന്നും കൊടുംകുറ്റവാളി ചാടിയത് വലിയ സുരക്ഷാ വീഴ്ച്ചയാണെന്നിരിക്കയാണ് ഇത് സിപിഎം ചാനല്‍ ആഘോഷമാക്കിയത്.

ഫസ്റ്റ് ഓണ്‍ കൈരളി ന്യൂസ് എന്നു പറഞ്ഞ് ഗോവിന്ദച്ചാമി ജയില്‍ചാടിയെന്ന വാര്‍ത്ത കൈരളി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം തങ്ങളുടെ വാര്‍ത്താ മികവാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മാഴയാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ചാനലിനെ ട്രോളി രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും സോഷ്യല്‍ മീഡിയയില്‍ ട്രോളിക്കൊണ്ട് രംഗത്തുവന്നു.

''ഗോവിന്ദച്ചാമി ജയില്‍ ചാടി.. വാര്‍ത്ത ആദ്യം പുറത്തു വിട്ടത് കൈരളി ന്യൂസ്. സ്വഭാവികം!..ആഭ്യന്തര വകുപ്പിന്റെ മറ്റൊരു 'വിജയ' വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..'' എന്നായിരുന്നു ഫേസ്ബുക്കില്‍ വീണ എസ് നായര്‍ കുറിച്ചത്. മറ്റൊരാള്‍ ട്രോളിക്കൊണ്ട് കുറിച്ചത് ഇങ്ങനെ: ''വാര്‍ത്ത ആദ്യം പുറത്തുവിട്ടത് കൈരളി ന്യൂസ്, കയ്യടിക്കടാ ചാടുന്നതിനു മുന്നേ വിവരം കിട്ടി കാണുമോ കൈരളിക്ക്''

മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കൈരളിയുടെ ഫസ്റ്റ് ഓണ്‍പോസ്റ്റര്‍ പുറത്തുവിട്ടത് ഇങ്ങനെ: ''ഇപ്രാവശ്യത്തെ ബ്രേക്കിംഗ് ഏഷ്യാനെറ്റ് , 24 ന്യൂസ് , റിപ്പോര്‍ട്ടര്‍ , മനോരമ , മീഡിയവണ്‍ ചാനലുകളെ കടത്തി വെട്ടി കൈരളി തൂക്കി... ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് സ്വന്തം വീട്ടില്‍ മുത്തശ്ശി കിണറ്റില്‍ വീണപ്പോള്‍ കൊച്ചുമോന്‍ മൊബൈല്‍ എടുത്തു ലൈവ് പോയതാണ് .... ' ഹാലോ ഗെയ്സ്, മുത്തശ്ശി കിണറ്റില്‍ വീണേ... ഈ ദൃശ്യം ആദ്യമായി പുറത്തു വിടുന്നത് ഞാന്‍ ആണേ... '''

ഇങ്ങനെ കൈരളി ന്യൂസിന്റെ അവകാശവാദത്തെ ട്രോളിക്കൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്. അതേസമയം സംഭവത്തില്‍ ജയില്‍ വകുപപ്പിനും അധികൃതര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നു. ജയില്‍ ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു.

അതേസമയം ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ പിടുകൂടുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നു. മാതൃഭൂനി ന്യൂസ് ചാനലാണ് പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കിണറ്റില്‍ ഒളിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് തൂക്കിയെടുക്കുക്കയായിരുന്നു. കണ്ണൂര്‍ തളാപ്പിലെ ആളില്ലാത്ത വീട്ടു വളപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രക്ഷപ്പെടാന്‍ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ബാഹ്യസഹായം ലഭിച്ചെന്ന് കണ്ണൂര്‍ ടൗണ്‍പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ 1.15 നാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.