- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1880ൽ കുടിപ്പള്ളിക്കൂടം; 1912ൽ പ്രൈമറി സ്‌കൂൾ; മുന്നിലൂടെ ഗാന്ധിജി നടന്നപ്പോൾ കുട്ടികളെല്ലാം അനുഗമിച്ചതും ചരിത്രം; 1957ൽ ഹൈസ്കൂളായെങ്കിലും 1984ൽ ആൺ-പെൺ വിഭജനം എത്തി; അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ഈ ബോയ്സ് സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം; സർക്കാർ സ്കൂളുകളിലെ ലിംഗ സമത്വം കന്യാകുളങ്ങരയിൽ എത്തുമ്പോൾ
തിരുവനന്തപുരം: കന്യാകുളങ്ങര ബോയ്സ് സ്‌കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും. തിരുവനന്തപുരം ജില്ലയിൽ മിക്സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യ ബോയ്സ് സ്‌കൂലാണ് ഇത്. 1880ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1920-ൽ പ്രൈമറി സ്‌കൂൾ ആയും പിന്നീട് 1957-ൽ ഹൈസ്‌കൂളായും ഉയർന്നു. 2023-24 അധ്യയന വർഷം മുതൽ സ്‌കൂൾ മിക്‌സഡും.
രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പതിനൊന്ന് ലക്ഷം വിദ്യാർത്ഥികളാണ് പുതുതായി സർക്കാർ സ്‌കൂളുകളിൽ എത്തിയതെന്നും മിക്സഡ് സ്‌കൂളുകൾ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കന്യാകുളങ്ങര ഗവണ്മെന്റ് ബോയ്സ് സ്‌കൂൾ മിക്സഡ് സ്‌കൂളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സ്‌കൂളുകളിൽ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കന്യാകുളങ്ങര ബോയ്സ് സ്‌കൂളിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തുന്നത്. പുതിയ അധ്യയന വർഷത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ ഒരുപോലെ പഠിക്കാം. മാർച്ച് മാസം അവസാനിക്കുമ്പോൾ ബോർഡിൽ നിന്നും ബോയ്സ് എന്ന വാക്ക് മാറ്റി കന്യാകുളങ്ങര ഗവണ്മെന്റ് ഹൈസ്‌കൂൾ എന്നാക്കും. 356 ആൺകുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. രണ്ടര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ആവശ്യത്തിന് കെട്ടിടങ്ങളും കുട്ടികൾക്ക് കളിക്കാൻ മൈതാനവുമുണ്ട്. എസ്‌പി.സി, സ്‌കൗട്ട്, ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നിവക്ക് പുറമെ പെൺകുട്ടികൾക്കായി ഗൈഡ്‌സും ആരംഭിക്കും.
സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി ശ്രീകാന്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വെമ്പായം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ബീന ജയൻ, പഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. സ്‌കൂൾ പി.ടി.എയുടെയും അദ്ധ്യാപകരുടെയും, നാട്ടുകാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
എട്ട് കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും നിലവിൽ സ്‌കൂളിൽ ഉണ്ട്. വരുന്ന അധ്യയന വർഷം മുതൽ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകാൻ പര്യാപ്തമായ എല്ലാ അടിസ്ഥാന ഭൗതിക സൗകര്യവും ഇവിടെ ഉണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ മുൻകൈയിൽ ഗേൾസ് ഫ്രൺലി ടോയിലെറ്റ് കൂടി ഉടൻ നിർമ്മിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
സമീപത്തെ എല്ലാ പഞ്ചായത്തുകളിലെയും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പൊതുവിദ്യാലയം കൂടിയാണ് ബോയ്‌സ് എച്ച്.എസ്. പെൺകുട്ടികൾക്ക്കൂടി പ്രവേശനം ലഭിക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാനും ലിംഗസമത്വം ഉറപ്പാക്കുവാനും സാധിക്കുന്ന തോടൊപ്പം സമീപപ്രദേശത്തെ നിരവധി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുകയും ചെയ്യും.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്‌കൂളായി. 1937-ൽ മഹാത്മാഗാന്ധി ഈ സ്‌കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്‌കളിലെ കുട്ടികളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്‌കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടി.
2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്‌കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്‌കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. വീണ്ടും ആ വിഭജനം ഇല്ലാതാവുകയാണ്.
മറുനാടന് മലയാളി ബ്യൂറോ