- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടം സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ ഗോപകുമാര്‍ നിരീക്ഷണത്തില്‍; അപകടത്തില്‍ കോമയിലായ ഡ്രൈവറുടെ ആരോഗ്യ സ്ഥിതി പറഞ്ഞിട്ടും അലിവ് കാട്ടത്ത കൈക്കൂലി പാപി; ഗ്രേഡ് എസ് ഐ ഗോപകുമാറിനെ കുടുക്കിയത് കെണിയൊരുക്കി; മരട് സ്റ്റേഷനില്‍ കുറഞ്ഞ ഫീസ് 10000രൂപയോ?
കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനല്‍കാന്‍ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടിയത് കെണിയൊരുക്കി. പാലാരിവട്ടം സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ ഗോപകുമാര്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട മരട് സ്റ്റേഷനിലെ മറ്റൊരു എസ്‌ഐ കെ.കെ.സജീഷിനെ ട്രാഫിക് പൊലീസിലേക്ക് സ്ഥലം മാറ്റിയത് രണ്ടാഴ്ച മുന്‍പാണ്.
എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ചൊവ്വാഴ്ച പിടികൂടിയത്. വൈറ്റില ഹബ്ബിനു സമീപത്ത് കഴിഞ്ഞ മാസം നടന്ന അപകടക്കേസിലെ വാഹനം വിട്ടു നല്‍കുന്നതിനായിരുന്നു കൈക്കൂലി. എറണാകുളം പള്ളിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറി, ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവര്‍ കോമയിലാണ്. സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 25-നായിരുന്നു അപകടം.
ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറായ ഗോപകുമാര്‍ വാഹന ഉടമയോട് ലോറി വിട്ടുനല്‍കാന്‍ സ്റ്റേഷനില്‍ എത്തണമെന്ന് ഫോണ്‍ വിളിച്ചുപറഞ്ഞു. ഓഗസ്റ്റ് 27-ന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 10,000 രൂപ തന്നാലേ വാഹനം വിട്ടുനല്‍കൂ എന്നും അറിയിച്ചു. ഡ്രൈവര്‍ ആശുപത്രിയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഉടമ പറഞ്ഞു. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് പറഞ്ഞതെന്നും ഇതില്‍നിന്നു കുറയ്ക്കാനാവില്ലെന്നും ആവര്‍ത്തിച്ചു. ചൊവ്വാഴ്ച സ്റ്റേഷനില്‍ വന്ന് 10,000 രൂപ നല്‍കണമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഉടമ ഈ വിവരം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് കെണിയൊരുക്കി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇത് അറിയാതെ കൈക്കൂലി വാങ്ങിയതാണ് ഗോപകുമാറിനെ കുടുക്കിയത്.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് പരാതിക്കാരന്‍ ഗോപകുമാറിനെ അറിയിച്ചു. ഇന്നലെ വൈകുന്നേരം 4.15ന് മരട് പൊലീസ് സ്റ്റേഷനില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്. കാത്തു നിന്ന എറണാകുളം യൂണിറ്റ് ഡിവൈഎസ്പി കെ.എ.തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പിടികൂടിയത്.
എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു. മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു.