- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയന്‍ സുവിശേഷകന് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസ്: പ്രതി ഹെംബ്രാമിന് ശിക്ഷായിളവ് നല്കി വിട്ടയച്ചു ഒഡീഷ സര്‍ക്കാര്‍; 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിക്ക് മോചനം നല്‍കിയത് ജയിലിലെ നല്ലനടപ്പ് പരിഗണിച്ചെന്ന് വാദം; മോചനത്തെ സ്വാഗതം ചെയ്തു വിഎച്ച്പി
ഓസ്ട്രേലിയന്‍ സുവിശേഷകന് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസ്
ഭുവനേശ്വര്‍: ഒഡീഷയില്‍ ഓസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷയില്‍ ഇളവു ലഭിച്ച പ്രതികളില്‍ ഒരാള്‍ മോചിതനായി. മഹേന്ദ്ര ഹെംബ്രാം എന്നയാണ് ജയില്‍ മോചിതനായത്. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്. ബിജെപി സര്‍ക്കര്‍ ഒഡിഷയില്‍ ആദ്യമായി അധികാരത്തില്‍ എത്തിയപ്പോഴാണ് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടായ സംഭവത്തിലെ പ്രതിക്ക് മോചനം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
ശിക്ഷാ ഇളവു ലഭിച്ചതോടെ ബുധനാഴ്ച ഒഡീഷയിലെ ജയിലില്‍നിന്ന് ഹെംബ്രാം പുറത്തിറങ്ങി. പുറത്തിറങ്ങിയ ഇയാള്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് ആവര്‍ത്തിച്ചത്. മതപരിവര്‍ത്തനെത്തയും ഗോവധത്തെയും എതിര്‍ത്തതിനാണ് തന്നെ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു.
ഹെംബ്രാമിന്റെ ജയില്‍മോചനത്തെ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) സ്വാഗതംചെയ്തു. ഇത് തങ്ങള്‍ക്ക് ഒരു നല്ലദിവസമാണെന്നും സര്‍ക്കാരിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വിഎച്ച്പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാഷ് പ്രതികരിച്ചു. അതേസമയം, ഹെംബ്രാംമിന്റെ ജയില്‍മോചനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിമര്‍ശനം ഉന്നയിച്ചു.
ഇന്ത്യന്‍ നീതിന്യായസംവിധാനത്തിന് മേലുള്ള കറുത്ത പാടാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ജീവനോടെ ചുട്ടുകൊന്നയാള്‍ ഇന്ന് സ്വതന്ത്രമായി നടക്കുന്നു. സംഘികള്‍ക്ക് ഇത് ആഘോഷമാണ്. പക്ഷേ, ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന് മേല്‍ ഇതൊരു കറുത്ത പാടാണ്. ഇതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഹെംബ്രാം ശിക്ഷായിളവിനും ജയില്‍മോചനത്തിനുമായി നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 19-ന് സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒഡീഷ സര്‍ക്കാരാണ് നല്ലനടപ്പ് പരിഗണിച്ച് ഹെംബ്രാമിനെ ജയില്‍മോചിതനാക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ വിവിധ കേസുകളിലായി ജയില്‍വാസം അനുഭവിക്കുന്ന 30 കുറ്റവാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളിയെ വിട്ടയച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എയും രംഗത്തുവന്നു. ഒഡിഷയില്‍ ആദ്യമായി ഭരണത്തില്‍ വന്ന ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ് പറഞ്ഞു. കുറ്റവാളിയായ മഹേന്ദ്ര ഹേംബ്രമിനെ മാലയിട്ടാണ് ജയില്‍ അധികൃതര്‍ യാത്രയാക്കിയത്. ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ മോചനത്തിന് സമരം നയിച്ച ബിജെപി നേതാവാണ് ഒഡീഷ മുഖ്യമന്ത്രിയെന്നും എംഎല്‍എ വിമര്‍ശിച്ചു.
1999 ജനുവരി 21-നാണ് ഒഡീഷയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍വെച്ച് ഓസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും ആറും പത്തും വയസ്സുള്ള ആണ്‍മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. ഇവരുടെ ജീപ്പിന് തീവെച്ചാണ് അക്രമിസംഘം മൂവരെയും കൊലപ്പെടുത്തിയത്. സംഭവത്തില്‍ 51 പേര്‍ അറസ്റ്റിലായി. ഇതില്‍ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
2003-ല്‍ കേസിലെ പ്രധാനപ്രതിയായ രബീന്ദ്രപാല്‍ സിങ് എന്ന ധാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉള്‍പ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയിലും വിചാരണചെയ്തു. എന്നാല്‍, ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു. ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിട്ടയാളും ജയില്‍മോചിതനായി. 2005-ല്‍ ധാരാ സിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായും ഹൈക്കോടതി ഇളവ് ചെയ്തു.