കടുത്ത വിഷാദരോഗവും ഉത്കണ്ഠയും; ഗ്രഹാം തോപ് സ്വയം ജീവനൊടുക്കിയതെന്ന് ഭാര്യ; ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലണ്ടന്‍: ആഗസ്റ്റ് 5 ന് ആയിരുന്നു ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രാഹാം തോപ്പിന്റെ മരണവിവരം അറിയിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 55 വയസ്സായിരുന്നു. മരണ വിവരം പ്രഖ്യാപിച്ചിരുന്നെങ്കിലും അപ്പോള്‍ മരണകാരണം പുറത്തു വിട്ടിരുന്നില്ല. വര്‍ഷങ്ങളായി വിഷാദരോഗവും ഉത്കണ്ഠയും പിടികൂടിയിരുന്ന അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ പത്നി അമന്‍ഡയും മകള്‍ കിറ്റിയും രംഗത്ത് വന്നിരിക്കുകയാണ്. തിങ്കളാഴ്ച ദി ടൈംസില്‍ വന്ന ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ആഗസ്റ്റ് 5 ന് ആയിരുന്നു ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രാഹാം തോപ്പിന്റെ മരണവിവരം അറിയിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 55 വയസ്സായിരുന്നു. മരണ വിവരം പ്രഖ്യാപിച്ചിരുന്നെങ്കിലും അപ്പോള്‍ മരണകാരണം പുറത്തു വിട്ടിരുന്നില്ല. വര്‍ഷങ്ങളായി വിഷാദരോഗവും ഉത്കണ്ഠയും പിടികൂടിയിരുന്ന അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ പത്നി അമന്‍ഡയും മകള്‍ കിറ്റിയും രംഗത്ത് വന്നിരിക്കുകയാണ്.
തിങ്കളാഴ്ച ദി ടൈംസില്‍ വന്ന ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 2022 മെയ് മാസം അദ്ദേഹം ഒരു ആത്മഹത്യാശ്രമം നടത്തിയതായും അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തി. അന്ന് അതിന്റെ ഫലമായി ഏറെനാള്‍ ഇന്റന്‍സീവ് കെയറില്‍ കഴിയേണ്ടി വന്നു എന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗ്രഹാം കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠക്കും അടിമയായിരുന്നു.അതിന്റെ ഫലമായിട്ടായിരുന്നു നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചത്, മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്ക് ആര്തര്ട്ടണുമായി പത്രത്തിനായി നടത്തിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വീണ്ടും വിഷാദത്തിലേക്ക് മടങ്ങുകയായിരുന്നു. ചില സമയങ്ങളില്‍ അതിന്റെ കാഠിന്യം വര്‍ദ്ധിക്കും. കുടുംബം പൂര്‍ണ്ണമായും അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. പല പല ചികിത്സകളും നല്‍കിയിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവയൊന്നും ഫലം കണ്ടില്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വളരെ മനോധൈര്യം ഉള്ള വ്യക്തിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ശാരീരിക ആരോഗ്യവും മികച്ചതായിരുന്നു. എന്നാല്‍, ആരെയും ബാധിക്കാവുന്ന ഒന്നാണ് മാനസികരോഗം, അമന്‍ഡ പറയുന്നു.
1993 മുതല്‍ 2005 വരെ ഇംഗ്ലണ്ടിനായി കളിച്ചിരുന്ന തോപ്പ് ഇപ്പോഴും ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ നേടിയ പത്താമത്തെ കളിക്കാരന് എന്ന പദവി നിലനിര്‍ത്തുന്നുണ്ട്. തന്റെ ടെസ്റ്റ്- ഏകദിന മത്സരങ്ങളില്‍ നിന്നായി 16 സെഞ്ചുറികള്‍ ഈ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്റെ പേരിലുണ്ട്. മൂന്ന് തവണ ഇംഗ്ലണ്ടിനെ നയിച്ച തോപ്പ് കളിയില്‍നിന്നും വിരമിച്ചതിന് ശേഷം പരിശീലകനായി തുടര്‍ന്നു. ഇടക്കാലത്ത് ആസ്ട്രേലിയന്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതിനായി ന്യൂ സൗത്ത് വെയ്ല്സിലേക്ക് താമസം മാറ്റിയ അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായി തിരിച്ചെത്തി.
2022 ല്‍ തോപ്പ് അഫ്ഗാനിസ്ഥാന് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടു എങ്കിലും അധികം താമസിയാതെ അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിലായി. അദ്ദേഹം ആതമഹത്യ ചെയ്തു എന്ന് തുറന്നു പറയുന്നതില്‍ മാനക്കേട് ഉണ്ടെന്ന് കരുതുന്നില്ലെന്നും, ഗുരുതരമായ മാനസിക രോഗങ്ങളെയും ആത്മഹത്യയേയും കുറിച്ച് ഒരു പുതിയ ചര്‍ച്ചക്ക് വഴിയൊരുക്കുകയാണെന്നും ഗ്രഹാം തോപ്പിന്റെ മകള്‍ കിറ്റി പറഞ്ഞു. തങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും അവര്‍ ആര്തര്ട്ടണിനോട് പറഞ്ഞു. ഇതുവരെ തങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നതിനും സുഖപ്പെടുത്തുന്നതിനുമാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.