ന്യൂഡല്‍ഹി: ജിഎസ്ടി നികുതിയിളവിന്റെ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇളവിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ കമ്പനികള്‍ പിടിച്ചുവെക്കരുത്. നികുതിയിളവിന് മുന്‍പും ശേഷവുമുള്ള വിലനിലവാരം വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടലുണ്ടാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ഓഫീസ് എക്സ് പോസ്റ്റില്‍ അറിയിച്ചു. ഇതോടെ നികുതി ഇളവ് നടപ്പിലാക്കിയില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 22 മുതലാണ് പുതിയ ജിഎസ്ടി നികുതിയിളവ് പ്രാബല്യത്തില്‍ വരിക. ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുംവേണ്ടിയാണ് പുതിയ പരിഷ്‌കാരം നടത്തിയത്.

ജിഎസ്ടി കുറച്ചതോടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് അരമുതല്‍ ഒരു ശതമാനം വരെ കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നിരക്ക് കുറയ്ക്കുന്നിതിന്റെ ഫലം ജനങ്ങളിലേക്കെത്തുമോയെന്നത് സംശയമാണെന്നും, ഇതിനായി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കേരള ധനമന്ത്രിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിരീക്ഷണ സംവിധാനം കൊണ്ടു വരുന്നത്. എന്‍ഡിഎ എംപിമാരുടെ നേതൃത്വത്തിലും നിരീക്ഷണ സമിതി വരും.

നികുതിയിളവിന്റെ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വിവിധ വാണിജ്യസംഘടനകളും അസോസിയേഷനുകളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ സ്വമേധയാ ഈ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പുതിയ നിരക്കുകളായ 5%, 18% എന്നിവ സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍വോയിസുകള്‍ തയ്യാറാക്കുമ്പോള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. പരിഷ്‌കരണത്തിലൂടെ ജിഎസ്ടി നികുതി ഘടനയില്‍ 12%, 28% നിരക്കുകള്‍ക്ക് പകരമായി 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളില്‍ നികുതി ഘടന ലളിതമാക്കും. ആഡംബര, ലഹരി ഉത്പന്നങ്ങള്‍ക്ക് 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും ഉണ്ടാകും.

അതിനിടെ ജിഎസ്ടി പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. നാളെ ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരമാന്റെ അധ്യക്ഷതയിലാണ് യോഗം. വിവിധ മേഖലകളിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. വസ്ത്ര മേഖലയിലുള്ളവരും സൈക്കിള്‍ നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കി വമ്പന്‍ കമ്പനികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില കുറയുമെന്ന് എസി, ടിവി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കോള്‍ഗേറ്റ്, എച്ച്യുഎല്‍, അമുല്‍, ബ്രിട്ടാനിയ, സോണി എന്നിവ വിലക്കുറവ് ഉറപ്പ് നല്‍കി. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.

ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചു പത്രങ്ങളില്‍ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നല്‍കിയ പരസ്യത്തിലാണ് ഈ തീരുമാനം അറിയിച്ചത്. നടപടി രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും സിഐഐ പറയുന്നു.