- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയ്ക്കുമെന്ന മോദിയുടെ വാഗ്ദാനം; ജിഎസ്ടിയില്‍ വന്‍ പൊളിച്ചടുക്കല്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; 28% ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളുടെയും നികുതി18% ആയി കുറഞ്ഞേക്കും; രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം
രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയുമോ? രാവിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടെ ജിഎസ്ടിയില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കിയതോടെ സാധാരണക്കാര്‍ പ്രതീക്ഷയിലാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) രണ്ട് സ്ലാബുകള്‍ മാത്രമാക്കി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.
5, 18 എന്നിങ്ങനെ രണ്ട് സ്ലാബുകളിലായി ചരക്ക് സേവന നികുതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ നിലവില്‍ 28 ശതമാനം ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളും 18 ശതമാനത്തിലേക്ക് വന്നേക്കും. നിലവില്‍ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം വസ്തുക്കളും അഞ്ച് ശതമാനത്തിലേക്ക് വരുമെന്നാണ് വിവരം.
സിഗരറ്റ്, പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് 40 ശതമാനം നികുതി വരുന്ന പ്രത്യേക സ്ലാബും വന്നേക്കും. 40 ശതമാനം നികുതി വരുന്ന വിഭാഗത്തില്‍ പത്തില്‍ താഴെ ഉത്പ്പന്നങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് വിവരം. റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളൊന്നും ഇതിലുണ്ടാകില്ല. അതേസമയം നികുതി ഘടന പരിഷ്‌കരിച്ചാലും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിക്ക് പുറത്തുതന്നെ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍ദിഷ്ട ജിഎസ്ടി പരിഷ്‌കരണം ഉപഭോഗത്തിന് വലിയ ഉത്തേജനം നല്‍കുമെന്നും, നിരക്ക് ഏകീകരണം മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഇത് നികത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചരക്ക്-സേവന നികുതി (ജിഎസ്ടി) ഘടനയില്‍ വന്‍ പൊളിച്ചെഴുത്തിന് കേന്ദ്രനീക്കം. നേരത്തേ 12% സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയര്‍ന്ന സ്ലാബായ 28% സ്ലാബ് കൂടി ഒഴിവാക്കാനാണ് ഇപ്പോള്‍ നീക്കം. ജിഎസ്ടിയില്‍ 2-സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയുമായ ജിഎസ്ടി കൗണ്‍സിലാണെങ്കിലും 2-സ്ലാബ് ഘടനയ്ക്കായി കേന്ദ്രം ശുപാര്‍ശ ചെയ്യും.
നിലവില്‍ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, മെറിറ്റ് എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. അതായത് 12%, 28% എന്നിവ ഒഴിവാക്കി 5%, 18% സ്ലാബുകള്‍ നിലനിര്‍ത്തും. 12% സ്ലാബിലെ നിത്യോപയോഗ സാധനങ്ങള്‍/സേവനങ്ങള്‍ മിക്കവയും 5 ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും. ജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അതു വന്‍ നേട്ടമാകും.
28% സ്ലാബിലെ ഉല്‍പന്ന/സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്കും മാറ്റുന്നതോടെ, അവയുടെ വിലയും താഴുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകും. 28% സ്ലാബിലെ 90% ഉല്‍പന്ന/സേവനങ്ങളെയും 18 ശതമാനത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള അത്യാഡംബര ഉല്‍പന്ന/സേവനങ്ങളെ 40% എന്ന സ്‌പെഷല്‍ സ്ലാബ് സൃഷ്ടിച്ച് അതിലേക്കുമാറ്റുമെന്നും സൂചനകളുണ്ട്.
എട്ടുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ജിഎസ്ടിയുടെ പ്രധാനലക്ഷ്യം 'ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി' എന്നതായിരുന്നു. എന്നാല്‍ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളും പുറമെ സെസുകളുമുള്ളത് നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സ്ലാബുകള്‍ക്ക് പുറമെ നിത്യോപയോഗ വസ്തുക്കളെ 'പൂജ്യം ശതമാനം' എന്ന സ്ലാബില്‍ കണക്കാക്കുന്നുണ്ട്. പുറമെ സ്വര്‍ണത്തിന് 3%, വജ്രത്തിന് 0.25% എന്നിങ്ങനെ വ്യത്യസ്ത ജിഎസ്ടി നിരക്കുകളുമുണ്ട്.
സ്ലാബ് പരിഷ്‌കരണം വഴി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംയോജിതമായ കനത്ത വരുമാന നഷ്ടമുണ്ടാകുമെങ്കിലും പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രനീക്കം. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവുമുള്ളതിനാല്‍ കേന്ദ്ര ധനമന്ത്രാലയത്തിനു പകരം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍, സാധാരണക്കാര്‍, ഇടത്തരം കുടുംബങ്ങള്‍, എംഎസ്എംഇകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി 'വരും-തലമുറ പരിഷ്‌കാര നടപടികള്‍' നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി മോദി രാവിലെ പ്രസംഗത്തില്‍ പറഞ്ഞത്.