തൃശൂര്‍:കണക്കില്‍പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വര്‍ഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്‌സ് നടത്തിയ വന്‍ പരിശോധനയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു. ഇതിന് പിന്നിലെ അന്വേഷണ കഥയും അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ പൂ്ട്ടാന്‍ എന്‍ഐഎ നടത്തിയതിന് സമാനമായിരുന്നു നീക്കങ്ങള്‍. പക്ഷേ ആരുടെ കൈയ്യില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയതെന്ന് മാത്രം ജി എസ് ടി ഇന്റലിജന്‍സ് പറയുന്നില്ല. പ്രതികളെ വെളിപ്പെടുത്താതെ വീമ്പ് പറയുകയാണ് ജി എസ് ടി ഇന്റലിജന്‍സ് എന്ന വാദവും സജീവമാണ്.

സ്വര്‍ണ്ണം കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കണക്കില്‍ കാണിക്കാതെ വില്‍ക്കാന്‍ കഴിയും എന്നതിനാല്‍ ആ സ്വര്‍ണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വര്‍ണവില്‍പന പൂര്‍ണമായി രേഖകളില്‍ കൊണ്ടുവരേണ്ടതുണ്ട്. ടൊറേ ഡെല്‍ ഓറെ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ പേരു മാത്രം വെളിപ്പെടുത്തുന്നില്ല. ഇതിന് പിന്നില്‍ വമ്പന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. ഏതെല്ലാം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നും എന്തെല്ലാം കിട്ടിയെന്നും വെളിപ്പെടുത്താത്തത് ദുരൂഹമാണ്. റെയ്ഡുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം ജി എസ് ടി വകുപ്പ് നടത്തുമ്പോഴാണ് സ്ഥാപന വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതെന്നാതണ് ദുരൂഹം.

റെയ്ഡിനെത്തിയവര്‍ ഉപഭോക്താക്കളാണെന്ന് ഉറപ്പു വരുത്തി ഇവരെ ഇറക്കി വിട്ടു. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് സ്‌കൂള്‍ ബാഗില്‍ സ്വര്‍ണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ടു പിടിച്ചു. ബാഗില്‍ ആറര കിലോഗ്രാം സ്വര്‍ണം ഉണ്ടായിരുന്നു. ഉടമസ്ഥരുടെയും പ്രധാന ജീവനക്കാരുടെയും ഫ്‌ലാറ്റുകളിലും വീടുകളിലും ഒരേസമയം പരിശോധന നടത്തി. എന്നാല്‍ ആരെല്ലാം ആയിരുന്നു പരിശോധനയ്ക്ക് വിധേയരായതെന്നത് അജ്ഞാതമാണ്. വസ്തുതകള്‍ പൊതു സമൂഹം അറിയേണ്ടത് അനിവാര്യതയാണ്. എന്നാല്‍ ഇതാണ് ജി എസ് ടിക്കാര്‍ മറച്ചു വയ്ക്കുന്നത്. റെയ്ഡ് വിവരം ഒരുതരത്തിലും ചോരാതിരിക്കാനാണ് ഉദ്യോഗസ്ഥരെ 'ഉല്ലാസയാത്ര' എന്ന ബാനര്‍ വച്ച ബസുകളില്‍ എത്തിച്ചത്. ഇതിന് സമാനമായി തട്ടിപ്പുകാരുടെ വിവരങ്ങളും രഹസ്യമാക്കുകയാണ് വകുപ്പ്.


തൃശൂരില്‍ നടന്ന സ്വര്‍ണ റെയ്ഡിന്റെ ജി എസ് ടി പുറത്തു വിട്ട വിവരങ്ങള്‍

• തൃശൂരില്‍ നടന്നത് സംസ്ഥാന ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ഓപ്പറേഷന്‍.

• മിന്നല്‍ റെയ്ഡില്‍ പിടികൂടിയത് 104 കിലോഗ്രാം അനധികൃത സ്വര്‍ണം.

• ജില്ലയിലെ സ്വര്‍ണാഭരണ ശാലകളില്‍ നടന്ന റെയ്ഡില്‍ പങ്കെടുത്തത് 700ല്‍പരം ജിഎസ്ടി ഉദ്യോഗസ്ഥര്‍.

• 'ടെറെ ദെല്‍ ഒറോ' അഥവാ സ്വര്‍ണ ഗോപുരം എന്ന പേരിലായിരുന്നു ഓപ്പറേഷന്‍.

• വിവരം ഒരുവിധത്തിലും ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്തത് പരിശീലനത്തിന്റെ പേരില്‍.

• അഞ്ച് ടൂറിസ്റ്റ് ബസുകളും ഏഴ് വാനുകളും ഇതിനായി ഉപയോഗിച്ചു.

• ജിഎസ്ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍മാത്രം ഒപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ചു. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഇന്റലിജന്‍സ് യൂണിറ്റുകള്‍,

• എറണാകളും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജിഎസ്ടി ഓഡിറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

• എറണാകുളത്തും തൃശൂരുമായാണ് ഉദ്യോഗസ്ഥ സംഘങ്ങളെ പരിശീലനത്തിന്റെ പേരില്‍ എത്തിച്ചത്.

• തൃശൂരില്‍ എത്തിച്ച വാഹനങ്ങളില്‍ വിനോദ സഞ്ചാര സംഘം എന്ന ബാനര്‍ കെട്ടി വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചത്.

• അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലായാത്ര എന്ന പേരിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ വിന്യാസം.

• തുടര്‍ന്ന് ആരംഭിച്ച ഓപ്പറേഷനില്‍ 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി.

• തൃശൂര്‍ ജില്ലയിലെ 38 വ്യാപരികളുടെ സ്വറണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങള്‍, വില്‍പന കേന്ദ്രങ്ങള്‍, വസതികള്‍ എന്നിവടങ്ങളിലായിരുന്നു പരിശോധന.

• ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അവസാനിപ്പിച്ചത്.

• ശരാശരി പത്തു പേര്‍ വീതമായിരുന്നു ഒരോ സ്ഥാപത്തിലും പരിശോനയില്‍ പങ്കെടുത്തത്.

• സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വര്‍ണമാണ് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്. ഇവയില്‍ നിര്‍മ്മാണത്തിലിരിക്കുന്നതും, ജോലികള്‍ പൂര്‍ത്തിയാക്കിയതുമായ ആഭരണങ്ങളുമുണ്ട്.

• കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന് മൂല്യത്തിന് അനുസരിച്ച് നികുതിയും പിഴയും വ്യാപാരികള്‍ അടയ്ക്കേണ്ടിവരും. എങ്കില്‍ മാത്രമേ സ്വര്‍ണം വിട്ടുകിട്ടുകയുള്ളൂ. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണ്ണത്തിന്റെ ഏകദേശ വില.

• ഇതുവരെ വ്യാപാരികളില്‍നിന്ന് 4.3 കോടി രൂപ നികുതിയും പിഴയുമായി ഈടാക്കിയിട്ടുണ്ട്.

• കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നതും പരിശോധിക്കാനാണ് ജിഎസ്ടി വകുപ്പിന്റെ തിരുമാനം. അനധികൃത വ്യാപരികള്‍ സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവയിലും വിശദമായ പരിശോധനയുണ്ടാകും. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറി ലോക്കറിലേക്ക് മാറ്റി.

• സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ എറ്റവും വലിയ റെയ്ഡിന് നേതൃത്വം നല്‍കുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിനന്ദിച്ചു.

ഇത്രയും വിവരങ്ങള്‍ നല്‍കുന്നവരാണ് ഏത് സ്ഥാപനത്തിലാണ് റെയ്ഡ് നടന്നതെന്ന് മാത്രം പൊതു ജനത്തെ അറിയിക്കാത്തത് എന്നതാണ് വിചിത്രം. ഒരു അന്വേഷണ ഏജന്‍സിയും കേരളത്തിന് ഇതിന് മുമ്പ് ഇത്തരത്തില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് എന്‍ ഐ എ ഉപയോഗിച്ചതും ഇതേ മാതൃകയായിരുന്നു. ഒരു പ്രത്യേക വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോഴിക്കോട് എത്തിച്ചു. അതിലുണ്ടായിരുന്ന ആര്‍ക്കും എന്താണ് യാത്രയെന്ന് പോലും അറിയില്ലായിരുന്നു. ഇതേ രീതിയില്‍ ജി എസ് ടി വകുപ്പും എല്ലാം ചെയ്തു. റെയ്ഡിനെക്കുറിച്ച് വളരെ ഉയര്‍ന്ന ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലഞ്ച് ഉദ്യോഗസ്ഥര്‍ മാസങ്ങളായി തൃശൂര്‍ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.

തൃശൂരില്‍ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരില്‍നിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികള്‍. റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത അനുസരിച്ചു കുറഞ്ഞത് പത്തു ഉദ്യോഗസ്ഥരെയെങ്കിലും നിയോഗിച്ചിരുന്നു. നാലു പേരെയും 15 പേരെയും നിയോഗിച്ച സ്ഥലങ്ങളുണ്ട്. ടൊറേ ഡെല്‍ ഒറോ എന്ന പേരിലാണ് റെയ്ഡ്. സ്വര്‍ണം ഉരുക്കി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന ആഭരണ നിര്‍മാണ ശാലകളിലും ഉടമകളുടെ വീടുകളിലുമായിരുന്നു പരിശോധന എന്നും വ്യക്തം.

സ്‌പെയിനിലെ ചരിത്രസ്മാരകമായ 'ടോറെ ഡെല്‍ ഓറോ' (സ്വര്‍ണ ഗോപുരം) യുടെ പേരാണ് റെയ്ഡിന് നല്‍കിയത് എന്നതും ശ്രദ്ധേയം. തൃശൂരിലെ സ്വര്‍ണ്ണ ഗോപുരങ്ങള്‍ തേടിയായിരുന്നു ഈ യാത്രയെന്നതു കൊണ്ടാണ് അത്തരമൊരു പേര് നല്‍കിയത്. എന്നാല്‍ തൃശൂരില്‍ സ്വര്‍ണ്ണ ഗോപുരം ഒരുക്കിയത് ആരെന്ന് മാത്രം സര്‍ക്കാര്‍ പറയുന്നില്ലെന്നതാണ് വിചിത്രം.