ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്.

ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക. ഇതിനിടെ 'റെയില്‍ നീറിന്റെ' വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍.

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാണ് പുതുക്കിയ വില. നേരത്തെ ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് 10 രൂപയില്‍ നിന്ന് 9 രൂപയായും കുറയും. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.

ഈ മാറ്റം റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ചാണ് ജിഎസ്ടി കൗണ്‍സില്‍ പരിഷ്‌കരണം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാര്‍നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വില്‍പ്പനയ്‌ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്‌കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ലൈഫ്-ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി. ഇന്ത്യന്‍ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും. ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തും വിജ്ഞാപനമായി. വില കുറയുന്നോ എന്ന് നിരീക്ഷിക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന് സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പല ഉത്പന്നങ്ങളുടേയും നിലവിലെ വിലയും നികുതി കുറയുമ്പോഴുള്ള വിലയും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ വകുപ്പ് നടത്തിയിട്ടുണ്ട്.

വില കുറയുന്നവ

വെണ്ണ, നെയ്യ്, പാലുത്പന്നങ്ങള്‍, ഷാമ്പു, ഹെയര്‍ഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിന്‍, ക്ലിനിക്കല്‍ ഡയപ്പര്‍, വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റര്‍, പ്രൊജക്ടര്‍, ഡിഷ് വാഷര്‍, വാഷിങ് മെഷീന്‍, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, മാര്‍ബിള്‍, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്ര മേഖലയിലും ചെലവില്‍ വലിയ ആശ്വാസമുണ്ടാകും.

വില കൂടുന്നവ

പുകയില, പാന്‍മസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങള്‍.