പൊന്‍കുന്നം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലപ്പുറത്തുനിന്ന് ഗവിയിലേക്ക് പുറപ്പെട്ട വിനോദയാത്രാ സംഘം തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 28 യാത്രക്കാരുമായി പോയ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം ബസാണ് ചെറുവള്ളി പഴയിടത്തിന് സമീപം പൂര്‍ണ്ണമായും കത്തിനശിച്ചത്. പിന്നാലെയെത്തിയ മീന്‍വണ്ടിയിലെ ജീവനക്കാര്‍ നല്‍കിയ കൃത്യമായ മുന്നറിയിപ്പാണ് വന്‍ അപകടം ഒഴിവാക്കിയത്. ആ മീന്‍ വണ്ടി എത്തിയില്ലായിരുന്നുവെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒന്‍പതിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട സംഘം ബുധനാഴ്ച പുലര്‍ച്ചെ 3.45-ഓടെ പൊന്‍കുന്നത്തിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ബസിന്റെ പിന്‍ചക്രത്തിന് സമീപം പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മീന്‍വണ്ടി ജീവനക്കാര്‍ ബസിനെ അതിവേഗത്തില്‍ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ജിഷാദ് റഹ്‌മാനും കണ്ടക്ടര്‍ ബിജുമോനും ചേര്‍ന്ന് ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും ലഗേജുകളുമായി പുറത്തിറക്കുകയും ചെയ്തു. യാത്രക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിന് പിന്നാലെ ബസ് വലിയ അഗ്‌നിഗോളമായി മാറി.

പോലീസും അഗ്‌നിശമനസേനയും എത്തുമ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. അപകടത്തിന്റെ നടുക്കം വിട്ടുമാറിയില്ലെങ്കിലും, കണ്‍മുന്നില്‍ ബസ് കത്തിയമരുന്നത് കണ്ട യാത്രക്കാര്‍ക്ക് ജീവിതത്തിലേക്കുള്ള പുനര്‍ജന്മമായിരുന്നു ആ നിമിഷം. ബിജുമോന്‍ എന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും മനസ്സാന്നിധ്യം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി. തുടര്‍ന്ന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മറ്റൊരു ബസ് എത്തിച്ച് യാത്ര പുനരാരംഭിച്ചു. റാന്നിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത സംഘം ഗവിയിലെ കുട്ടവഞ്ചിയാത്രയും വനസൗന്ദര്യവും ആസ്വദിച്ച് 2025ലെ അവസാന ദുരന്തത്തിലെ ദുരന്തകാഴ്ച മറന്നു.

അപകടസാധ്യത വിളിച്ചുപറഞ്ഞ് ആര്‍എസ്സി 698 നമ്പര്‍ ബസിന്റെ പിന്നാലെയെത്തിയ മീന്‍വണ്ടി ജീവനക്കാരുടെ മുന്നറിയിപ്പായിരുന്നു. 30-ന് രാത്രി ഒന്‍പതിനാണ് മലപ്പുറത്തുനിന്ന് യാത്രാസംഘം പുറപ്പെട്ടത്. 31-ന് പുലര്‍ച്ചെ 3.45-നാണ് പിന്നാലെയെത്തിയ വണ്ടിക്കാര്‍ ബസിന്റെ പിന്നിലെ ചക്രത്തിനിടയില്‍നിന്ന് പുക ഉയരുന്നതുകണ്ടത്. ബസിനെ മറികടന്ന ഇവര്‍ ഡ്രൈവറോട് കാര്യം പറഞ്ഞു. ഡ്രൈവര്‍ ക്യാബിനില്‍ തന്നെയുണ്ടായിരുന്ന കണ്ടക്ടര്‍ പി.കെ.ബിജുമോന്‍ ഉടന്‍ തന്നെ ഉറക്കത്തിലായിരുന്ന യാത്രക്കാരെയെല്ലാം വിളിച്ചുണര്‍ത്തി. ബസ് നിര്‍ത്തി ഉടന്‍ ബിജുമോനും ഡ്രൈവര്‍ ജിഷാദ് റഹ്‌മാനും ചേര്‍ന്ന് യാത്രക്കാരെ ലഗേജ് എടുത്ത് പുറത്തിറങ്ങാന്‍ സഹായിച്ചു.

ബജറ്റ് ടൂറിസത്തിലെ 500 യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ കണ്ടക്ടര്‍ ബിജുമോന്‍ യാത്രക്കാര്‍ക്ക് തുണയായി കൂടി. അപകടത്തിന്റെ ആഘാതത്തില്‍ തളര്‍ന്നിരുന്നു ഇദ്ദേഹം. റാന്നിയിലെത്തിയതിനുശേഷം തൊട്ടടുത്ത ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി മനസ്സാന്നിധ്യം വീണ്ടെടുത്തായിരുന്നു തുടര്‍യാത്ര. റാന്നിയില്‍നിന്ന് ചെറുവാഹനത്തിലാണിവര്‍ ഗവിയിലേക്ക് തിരിച്ചത്. കുട്ടവഞ്ചിയാത്രയും വനത്തിലൂടെയുള്ള സഞ്ചാരവും എല്ലാം പുതിയ ജീവിതത്തിലേക്കുള്ള ഊര്‍ജം നിറയ്ക്കുന്നതായി അവര്‍ക്ക്.

ഗവി കണ്ടതിനുശേഷം പരുന്തുംപാറ, രാമക്കല്‍മേട് എന്നിവിടങ്ങളിലും പോയി. ഗവിയാത്ര പതിവായിരുന്നെങ്കിലും രാമക്കല്‍മേട് കൂടി ഉള്‍പ്പെടുത്തി ഇതാദ്യമാണിവര്‍ യാത്ര പുറപ്പെട്ടത്.