- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഇനി ഗുരുദേവ ദര്‍ശനം ഗവേഷണത്തിന്; കൈമാറിയത് 15ഓളം പുസ്തകങ്ങള്‍; ശിവഗിരി ആശ്രമം ഗുരുദേവ സന്ദേശങ്ങള്‍ ലോക ജനതയിലേക്ക് എത്തിക്കുമ്പോള്‍
കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഇനി ഗുരുദേവ ദര്‍ശനം ഗവേഷണത്തിന്
കേംബ്രിഡ്ജ്: ഗുരുദേവ ദര്‍ശനം കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷണത്തിന്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ദക്ഷിണ ഏഷ്യന്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ഗവേഷണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനനും പ്രൊ. പ്രകാശ് ദിവാകരനും ചേര്‍ന്നു രചിച്ച ഹാര്‍മണി അണ്‍വീല്‍ഡ് ശ്രീനാരായണ ഗുരുസ് ബ്ലൂ പ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് & പ്രോഗ്രസ്സ് എന്ന ഇംഗ്ലീഷ് പുസ്തകം ഉള്‍പ്പെടെ പതിനഞ്ചോളം പുസ്തകങ്ങള്‍ ഗവേഷണത്തിന് കൈമാറി. ശിവഗിരി ആശ്രമം യുകെയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഗ്രന്ഥങ്ങള്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് അംഗം ശ്രീമദ് വീരേശ്വരാനന്ദ സ്വാമികള്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടനു കൈമാറി.
ചടങ്ങില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അലക്‌സ് ഗ്യത്ത് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസഫ് രചയിതാക്കളായ ഡോ. സുരേഷ് കുമാര്‍ മധുസൂദനനും പ്രൊഫസര്‍ പ്രകാശ് ദിവാകരനും ശിവഗിരി ആശ്രമം യുകെ പ്രസിഡന്റ് ബൈജു പാലക്കല്‍, സെക്രട്ടറി സജീഷ് ദാമോദരന്‍, ആശ്രമത്തിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ സതീഷ് കുട്ടപ്പന്‍, സിബി കുമാര്‍, അനില്‍ കുമാര്‍ ശശിധരന്‍, അനില്‍ കുമാര്‍ രാലവന്‍, കല ജയന്‍, മധു രവീന്ദ്രന്‍, അനീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശിവഗിരി മഠം ഗുരുദേവന്റെ സന്ദേശങ്ങളും ലോക ജനതയിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് വീരേശ്വരാനന്ദ സ്വാമികള്‍ പ്രസ്താവിച്ചു. ലോകത്തെ നിലവിലുള്ള ജാതി, മത, ദേശഭേദങ്ങളാല്‍ സൃഷ്ടമായ അനിശ്ചിതാവസ്ഥകള്‍ക്കുള്ള പരിഹാരമായി ഗുരുവിന്റെ സന്ദേശങ്ങളും ദര്‍ശനവും പ്രചരിപ്പിക്കുന്നതിന് ഈ പുസ്തകങ്ങള്‍ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രചനയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. സുരേഷ് കുമാര്‍ മധുസൂദനനും പ്രൊഫസര്‍ പ്രകാശ് ദിവാകരനും വിശദീകരിച്ചു. സന്തോഷവും സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ഒരു നാഴികക്കല്ലാണെന്നും ആ ദര്‍ശനത്തെ ലോകം മുഴുവന്‍ പ്രചാരത്തിലേക്ക് എത്തിക്കുന്നതിനായുള്ള ഒരു ശ്രമമാണെന്നും അവര്‍ പറഞ്ഞു.
മുന്‍പും യുകെ ശിവഗിരി ആശ്രമം മുമ്പ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലും ബ്രിട്ടീഷ് ലൈബ്രറിയിലെ ഗവേഷണ വിഭാഗത്തിനും ഗുരുവിനെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ കൈമാറിയിരുന്നു. അതിന്റെ തുടര്‍ച്ചയായി നടന്ന ഈ ചടങ്ങ് ശിവഗിരി ആശ്രമത്തിന്റെ നിസ്വാര്‍ത്ഥ പരിശ്രമത്തിന്റെ തെളിവാണെന്ന് ശിവഗിരി ആശ്രമം യു കെ പ്രസിഡന്റ് ബൈജു പാലക്കല്‍ പറഞ്ഞു.
ചടങ്ങില്‍ ബൈജു പാലക്കല്‍ സ്വാഗതവും ഗണേഷ് ശിവന്‍ നന്ദിയും രേഖപ്പെടുത്തി.