തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖത്തോടുമുഖം നോക്കാത്ത തരത്തില്‍ പിണക്കത്തിലായിരുന്നു. പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വ്യത്യസ്തമായി. ഭരണതലത്തില്‍ ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ഗവര്‍ണറെ പിണക്കാതെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചുപോരുന്നു. പിണറായി വിജയന്റെ 80 ാം പിറന്നാള്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലെത്തിയാണ് ഗവര്‍ണര്‍ ആശംസ നേര്‍ന്നത്.

രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസിലെത്തിയത്. ആശംസ നേര്‍ന്ന ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. നിലവിളക്കും മുണ്ടും സമ്മാനമായി നല്‍കി. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസില്‍ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്. ഭാര്യ കമല, മകള്‍ വീണ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവര്‍ണറെ സ്വീകരിച്ചത്.




ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യകാലത്തും മുഖ്യമന്ത്രിയുമായി നല്ല ഇണക്കമായിരുന്നു. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തി കാണുന്നതിലും ആശംസകള്‍ നേരുന്നതിലും ഒട്ടും മടി കാണിച്ചിരുന്നില്ല അദ്ദേഹം. എന്നാല്‍ പിന്നീട് നിയമനിര്‍മ്മാണങ്ങളുടെയും മറ്റും പേരില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും വല്ലാതെ അകന്നു. പൊതുവേദികളില്‍ പരസ്പരം മുഖത്ത് നോക്കാത്ത അവസ്ഥയായിരുന്നു. ഔദ്യോഗികമായ യാത്രയയപ്പ് പോലും ഇല്ലാതെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. എന്തായാലും രാജേന്ദ്ര ആര്‍ലേക്കറുമായി തുടക്കം മുതലേ നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.




നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ'- എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.