ഗുവാഹത്തി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അസം പോലീസിന്റേതാണ് നടപടി. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചു, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22-ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

'നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുതകളും സാഹചര്യങ്ങളും നിങ്ങളില്‍ നിന്ന് അറിയേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ സമന്‍സ് നല്‍കുന്നത്' എന്ന് ഇരുവര്‍ക്കും അയച്ച ഒരേ സ്വഭാവത്തിലുള്ള നോട്ടീസില്‍ പറയുന്നു. അതേസമയം ഏത് കേസിനെ കുറിച്ചാണെന്ന വിവരങ്ങള്‍ പോലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

വരാദരാജന് ഓഗസ്റ്റ് 14-നും ഥാപ്പറിന് തിങ്കളാഴ്ചയുമാണ് നോട്ടീസ് ലഭിച്ചത്. 'ഈ നോട്ടീസിലെ വ്യവസ്ഥകള്‍ അനുസരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്' എന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സൗമര്‍ജ്യോതി റേ ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ ബിജെപി വിമര്‍ശകരായ 'ദി വയര്‍' വാര്‍ത്താപോര്‍ട്ടലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ബിഎന്‍എസ് 152 പ്രകാരമുള്ള കേസിലാണ് വാര്‍ത്താപോര്‍ട്ടലിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിനെതിരെ അറസ്റ്റ് ഉള്‍പ്പെടെ പാടില്ലന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച്- ഉത്തരവിട്ടത്. വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. അതേസമയം ചോദ്യംചെയ്യലുണ്ടായാല്‍ സഹകരിക്കണം. വകുപ്പിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്യുന്ന കേസുകള്‍ക്കൊപ്പം ദി വയറിന്റെ ഹര്‍ജിയും ബെഞ്ച് ടാഗ് ചെയ്തു.

പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ ലഷ്യമിട്ടുള്ള ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന വാര്‍ത്തയുടെ പേരിലാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയുയര്‍ത്തിയെന്ന വാദമുന്നയിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. ഇന്തോനേഷ്യന്‍ സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറിന്റെ വസ്തുതാപരമായ റിപ്പോര്‍ട്ടും ഇന്തോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും മാത്രമാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ദ് വയര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.

ഇതേ വിഷയം മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചുവെന്നും തങ്ങളെ മാത്രം ലഷ്യമിട്ട് അറസ്റ്റിന് ഒരുങ്ങുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി മരവിപ്പിച്ച ഐപിസി സെക്ഷന്‍ 124എ വകുപ്പ് തന്നെയാണ് ബിഎന്‍എസില്‍ ഉള്‍പ്പെടുത്തിയ 152ആം വകുപ്പെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍ പറഞ്ഞു. പരമാധികാരത്തിന് വ്യക്തമായ ഭീഷണിയുള്ളപ്പോള്‍ മാത്രമേ വകുപ്പ് ബാധകമാകൂവെന്ന് ബെഞ്ച് ഉറപ്പ്നല്‍കി.