ലണ്ടന്‍: വ്യക്തികള്‍ക്ക് സാധാരണ ലോട്ടറിയടിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ലോട്ടറി ഒരു കറന്‍സി നോട്ടിന് അടിച്ചാലോ.സംഭവം സത്യമാണ്.പക്ഷെ ലേലത്തുകയുടെ രൂപത്തിലാണ് കറന്‍സി നോട്ടിന് ലോട്ടറിയടിച്ചതെന്ന് മാത്രം.ലണ്ടലിനെ ലേലത്തില്‍ നോട്ടിന്റെ മ്യൂലത്തേക്കാള്‍ എത്രയോ കൂടുതല്‍ ലേലത്തുക ലഭിച്ച ഒരു ഇന്ത്യന്‍ കറന്‍സിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1950ല്‍ പുറത്തിറക്കിയ ഒഅ 078400 സീരിയല്‍ നമ്പറിലുള്ള കറന്‍സി നോട്ടാണ് ലേലത്തില്‍ പോയത്.

നൂറ് രൂപയുടെ ഒരു ഇന്ത്യന്‍ കറന്‍സിക്ക് ലഭിച്ചത് 56,49,650 രൂപയാണ്.അപൂര്‍വ്വമായ ഈ കറന്‍സിക്ക് ലണ്ടനിലെ ലേലത്തിലാണ് ഇത്രയും വലിയ തുക ലഭിച്ചത്.ഈ കറന്‍സിയുടെ പ്രത്യേകതള്‍ തന്നെയാണ് ഇത്രയും ഭീമമായ തുക ലേലത്തില്‍ ലഭിക്കുവാന്‍ കാരണം. സംഭവം സാധാരണ കറന്‍സി നോട്ടല്ല.'ഹജ്ജ് നോട്സ്' എന്നറിയപ്പെടുന്ന കറന്‍സിയാണിത്. 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഹജ്ജ് തീര്‍ത്ഥയാത്രയ്ക്ക് ഗള്‍ഫ് നാളുകളിലേക്ക് പോകുന്നവര്‍ക്കു വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഈ പ്രത്യേക കറന്‍സി പുറത്തിറക്കിയത്.

ഈ കറന്‍സി 'എച്ച്എ' സീരിയല്‍ നമ്പറിലാണ് റിലീസ് ചെയ്തത്.ആ സമയത്ത് പുറത്തിറക്കിയിരുന്ന ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ കളറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വേറിട്ട കളറിലാണ് ഈ കറന്‍സി ലഭ്യമാക്കിയിരുന്നത്. ഇന്ത്യന്‍ രൂപ സ്വീകരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിയമപരമായി ഈ കറന്‍സി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ കറന്‍സി ഉപയോഗിച്ചിരുന്നു.

1961 വര്‍ഷത്തില്‍ കുവൈറ്റ്, തങ്ങളുടെ സ്വന്തം കറന്‍സി പുറത്തിറക്കി. മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇക്കാലയളവില്‍ അവരുടേതായ കറന്‍സികള്‍ റിലീസ് ചെയ്തു തുടങ്ങിയിരുന്നു.പിന്നീട് 1970 വര്‍ഷത്തോടെ ഇന്ത്യയില്‍ ഹജ്ജ് കറന്‍സികള്‍ പുറത്തിറക്കുന്നത് അവസാനിപ്പിച്ചു. ഇന്ന് ഇത്തരം നോട്ടുകള്‍ക്ക് കറന്‍സി കളക്ടര്‍മാര്‍ക്കിടയില്‍ വലിയ മൂല്യമാണുള്ളത്.അപൂര്‍വ്വതയാണ് ഹജ്ജ് കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം.

ഹജ്ജ് കറന്‍സിയുടെ പ്രത്യേകതകള്‍ അറിയാം

'ഹജ്ജ് എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ശ്രേണിയില്‍ പെട്ടതാണ് ഈ നോട്ട് ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ആര്‍ബിഐ ഈ നോട്ടുകള്‍ ഇറക്കിയത്. സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുക എന്നതായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം.

കൂടാതെ ഈ നോട്ടുകള്‍ക്ക് ഒരു പ്രത്യേക 'എച്ച് എ' എന്ന പ്രിഫിക്സ് ഉണ്ടായിരുന്നു, അത് അവയെ സാധാരണ കറന്‍സി നോട്ടുകളില്‍ നിന്ന് എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ പറ്റുന്നതാക്കി മാറ്റി.കൂടാതെ, സാധാരണ ഇന്ത്യന്‍ കറന്‍സി നോട്ടുകളെ അപേക്ഷിച്ച് നോട്ടുകളില്‍ ഒരു പ്രത്യേക നിറ വൈവിധ്യവും ഈ നോട്ടുകള്‍ക്കുണ്ടായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് സാധുതയുണ്ടായിരുന്നില്ല.

തീര്‍ഥാടന വേളയില്‍ കറന്‍സി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിയായാണ് ഹജ് നോട്ടുകള്‍ വിതരണം ആരംഭിച്ചത്.1961-ല്‍ കുവൈറ്റ് സ്വന്തം കറന്‍സി അവതരിപ്പിച്ചു.മറ്റ് ഗള്‍ഫ് രാജ്യങ്ങളും അവരുടെ കറന്‍സികള്‍ അവതരിപ്പിച്ചതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു.1970-കളോടെ ഹജ് നോട്ടുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു.

കപ്പല്‍ മുങ്ങിയിട്ടും നശിച്ചില്ല..ലേലത്തിലെ മറ്റ് പ്രമുഖ കറന്‍സികളിങ്ങനെ

ലണ്ടനില്‍ത്തന്നെ നടന്ന മറ്റൊരു ലേലത്തില്‍ 10 രൂപയുടെ രണ്ട് കറന്‍സികളും വന്‍ തുകയ്ക്ക് വിറ്റു പോയി.ഒരു കറന്‍സി 6.90 ലക്ഷം രൂപയ്ക്കും, മറ്റൊന്ന് 5.80 ലക്ഷം രൂപയ്ക്കുമാണ് ലേലം ചെയ്യപ്പെട്ടത്.ഒന്നാം ലോക മഹായുദ്ധം അവസാനത്തിലേക്ക് അടുത്ത സമയത്ത്, 1918 വര്‍ഷത്തില്‍ മെയ് 25ന് പുറത്തിറക്കിയ കറന്‍സികളാണ് ഇവ.

1918 ജൂലൈ 2ന് ജര്‍മ്മനിയുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ മുങ്ങിപ്പോയ 'എസ്എസ് ഷിറല' എന്ന കപ്പലിലുണ്ടായിരുന്ന രണ്ട് കറന്‍സികളായിരുന്നു ഇവ.ഒരു നൂറ്റാണ്ടിന് ശേഷം കടലിനടിയില്‍ കിടന്നിട്ടും ഇവ നശിച്ചില്ല എന്നതാണ് മൂല്യം വര്‍ധിക്കാന്‍ കാരണം.മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത ബണ്ടിലുകള്‍ക്ക് ഉള്ളിലായതാണ് ഈ കറന്‍സികള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ കാരണമായത്.

ഇക്കാരണത്താല്‍ ഇവയ്ക്ക് സമുദ്രജലവുമായി നേരിട്ട് ബന്ധമുണ്ടായില്ല.ഇത് കൂടാതെ ഈ കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പേപ്പറുകളുടെ മികച്ച ക്വാളിറ്റിയും കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സഹായിച്ചു.ഇത്തരത്തില്‍ 20ാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ പുറത്തിറക്കിയ കറന്‍സികള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്.