കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് ബാദുഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ട് തിരിച്ചുനല്‍കിയില്ലെന്നും ഇത് സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ തുറന്നു പറഞ്ഞത്.

കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരില്‍ മലയാള സിനിമയില്‍ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്റെ സിനിമകളില്‍ നിന്ന് നിരന്തരം മാറ്റിനിര്‍ത്താന്‍ ഇടപെടുന്നതെന്ന് നേരത്തെ തന്നെ ഹരീഷ് കണാരന്‍ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് ഒരു ചാനലിനോട് തന്റെ മാറ്റിനിര്‍ത്തലിന്റെ കാരണം ബാദുഷ തുറന്നു പറയുകയായിരുന്നു. അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.

'ഞാന്‍ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര്. ബാദുഷ. ഇത് പറഞ്ഞതിന്റെ പേരില്‍ എനിക്ക് തീരെ സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാന്‍ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാന്‍ ആദ്യം കരുതിയിരുന്നത്. 'എ.ആര്‍.എം'അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു.

ഇതിനിടയില്‍ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാന്‍ 'അമ്മ' സംഘടനയില്‍ പരാതി നല്‍കി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നല്‍കാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതിനിടയില്‍ 'എ.ആര്‍.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല.

പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തില്‍ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തില്‍ ഒരുപാട് സിനിമകള്‍ നഷ്ടമായി.' എന്ന് ഹരീഷ് കണാരന്‍ പറഞ്ഞു. ഇപ്പോഴത്തെ തുറന്നു പറച്ചിലിന്റെ പേരില്‍ തനിക്ക് ഇനിയും സിനിമയില്‍ നിന്ന് അവസരങ്ങള്‍ നഷ്ടമായേക്കാമെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.

മഴവില്‍ മനോരമയിലെ 'കോമഡി ഫെസ്റ്റിവലി'ല്‍ അവതരിപ്പിച്ച ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രമാണ് ഹരീഷിന് സിനിമയിലേക്കുള്ള വഴിതുറന്നു തന്നത്. നൂറിലധികം സിനിമകളില്‍ ഞാന്‍ ഈ കുറഞ്ഞ കാലയളവില്‍ അഭിനയിച്ചു. മോഹന്‍ലാലിനും മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും ബിജു മേനോനുമൊപ്പം ഹരീഷ് അഭിനയിച്ചു.

'മധുര കണക്ക്' ആണ് ഉടനെ റിലീസാകുന്ന ചിത്രം. ഡിസംബര്‍ 4ന് ചിത്രം റിലീസാകും. ശ്രീനാഥ് ഭാസിയുടെ 'നമുക്ക് കോടതിയില്‍ കാണാം' എന്ന ചിത്രവും ഉടനെ വരും. ആ സിനിമയില്‍ ജഡ്ജ് ആയാണ് ഹരീഷ് എത്തുന്നത്. ഒമര്‍ ലുലുവിന്റെ ഒരു ചിത്രവും വരുന്നുണ്ട്. രാജേഷ് മോഹനന്‍ 'സാള്‍ട്ട് മാങ്കോ ട്രീ'യുടെ രണ്ടാം ഭാഗം ചെയ്യുന്നുണ്ട്.