കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ജെഎസ്‌കെ സിനിമാ വിവാദങ്ങള്‍ക്കിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാനുള്ള ആവശ്യമുന്നയിച്ച് വിവരാവകാശ അപേക്ഷ. ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക വേണമെന്ന ആവശ്യമാണ് ഇന്നയിച്ചത്. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നും ഹരീഷ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാന്‍ ബോര്‍ഡ് മുന്‍കൈ എടുത്തില്ലെങ്കില്‍ ലിസ്റ്റ് കിട്ടുമ്പോള്‍ ഞാന്‍ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ഇന്നാണ് വ്യക്തത വരുന്നത്. ഇതിനിടെയാണ് രസകരമായ ആവശ്യവുമായി ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. ആ നിഗമനത്തിലേയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷിന്റെ ആവശ്യം.

അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച റീസെന്‍സറിങ്ങിന് സമര്‍പ്പിക്കാനാണ് സാധ്യത. വ്യാഴാഴ്ച വൈകീട്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റും പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ പത്തോടെ ചിത്രം സെന്‍സറിങ്ങിനായി കൈമാറും. ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.