ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ കമാന്‍ഡോയെന്ന് റിപ്പോര്‍ട്ടുകള്‍. ഭീകരരില്‍ ഒരാളായ ഹാഷിം മൂസയാണ് പാക്കിസ്ഥാന്‍ സൈനികനായിരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒന്നര വര്‍ഷം മുമ്പ് രണ്ട് പാക്കിസ്താനി ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസ പഹല്‍ഗാം ആക്രമണത്തിലെ സൂത്രധാരന്‍മാരില്‍ ഒരാളാണ്. ഇയാള്‍ പാക്സൈന്യത്തിന്റെ പാരാ കമാന്‍ഡോ ആയിരുന്നുവെന്നാണ് വിവരങ്ങള്‍.

ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്‌കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍. മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ആക്രമണത്തിലുള്‍പ്പെട്ട ഭീകരന്‍ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്നാണ് മൂസയും ടണല്‍ ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന് കണ്ടെത്തിയത്.

ഭീകരവാദികള്‍ക്ക് കശ്മീരില്‍ നിന്ന് പ്രദേശവാസികളുടെ സഹായം കിട്ടിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന 15 പേര്‍ ഇവര്‍ക്ക് വഴികാട്ടികളായെന്നും ലോജിസ്റ്റിക് സഹായം അടക്കം ചെയ്തുനല്‍കിയെന്നുമുള്ള വിവരങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ഇന്ത്യയിലേക്ക് അതിര്‍ത്തിയിലെ കമ്പിവേലി മുറിച്ചാണ് നുഴഞ്ഞുകയറിയത്. തുടര്‍ന്ന് ഇവര്‍ പല ഭീകരാക്രമണങ്ങളിലും പങ്കെടുത്തിരുന്നു. പലതവണയായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരവാദികളില്‍ ചിലരെ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ വധിച്ചിരുന്നു. മൂസയുള്‍പ്പെടെയുള്ള മറ്റ് ഭീകരവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

അതേസമയം ജമ്മുവിലേക്ക് കടക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീര്‍ മേഖലയിലാണ് ഭീരരുടെ സാന്നിധ്യം കണ്ടത്. ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇതിനിടെ ബൈസരണ്‍ വാലി സിപ്പ് ലൈന്‍ ഓപ്പറേറ്ററെ എന്‍ഐഎയും ജമ്മുകശ്മീര്‍ പൊലീസും ചോദ്യം ചെയ്യും. വെടിയൊച്ച കേട്ടിട്ടും സിപ്പ് ലൈന്‍ ഇയാള്‍ പ്രവര്‍ത്തിപ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുമാണ് തീരുമാനം. അതേസമയം ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.