- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തൊരു വിരോധാഭാസം, സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെന്‍ഡുണ്ടാക്കുന്നു; സ്വന്തം വിവാഹമോചനം അറിയിക്കുമ്പോള്‍ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?' തന്റെ വിവാഹ മോചനം അറിയിക്കാന്‍ എ.ആര്‍. റഹ്‌മാന്‍ ഉപയോഗിച്ച ഹാഷ്ടാഗിനെതിരെ രൂക്ഷവിമര്‍ശനം
29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ച് എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ച എക്‌സ് കുറിപ്പിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. എക്സില്‍ പങ്കുവെച്ച കുറിപ്പിനൊടുവില്‍ റഹ്‌മാന്‍ ചേര്‍ത്ത ഹാഷ്ടാഗിനെതിരെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.
#arrsairaabreakup എന്നാണ് റഹ്‌മാന്‍ പങ്കുവെച്ച ടാഗ്. വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പിലാണ് റഹ്‌മാന്‍ ഇത്തരത്തില്‍ ഒരു ടാഗ് ഉപയോഗിച്ചിരിക്കുന്നത്. കുറിപ്പില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്‌മാന്‍ ആവശ്യപ്പെടുന്നുണ്ട്.
സ്വകാര്യതയെ മാനിക്കണം എന്നു പറയുന്ന കുറിപ്പില്‍, പോസ്റ്റ് കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഹാഷ് ടാഗ് ഉപയോഗിച്ചതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയര്‍ന്നു. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെന്‍ഡുണ്ടാക്കുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. 'ഐറണി (വിരോധാഭാസം) ആയിരം തവണ ചത്തുട- എന്നും ഇയാള്‍ പരിഹസിച്ചു.
ഇത്തരം സാഹചര്യത്തില്‍ ആരാണ് ഹാഷ്ടാഗ് ഉണ്ടാക്കുകയെന്ന് ചോദിച്ച മറ്റൊരാള്‍, സോഷ്യല്‍ മീഡിയ അഡ്മിന്‍ ടീമിനെ ഇപ്പോള്‍ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, റഹ്‌മാന്റേത് പൊറുക്കപ്പെടാവുന്ന തെറ്റാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ അത്ര വിദഗ്ധനല്ലെന്നും മറ്റുചിലര്‍ കമന്റ് ചെയ്യുന്നു.
സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരുടേയും സംയുക്തപ്രസ്താവന പങ്കുവെച്ചത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
പിന്നീട് വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആര്‍ റഹ്‌മാനും രംഗത്തെത്തി. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ത്ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.
1995 മാര്‍ച്ച് 12നാണ് റഹ്‌മാനും സൈറയും വിവാഹിതരായത്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്. പെണ്‍മക്കളായ ഖദീജയും റഹീമയും മകന്‍ അമീനും. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.