ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുല്ലയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ലബനന്‍ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന ഹസന്‍ നസ്‌റല്ല വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാല്‍ പൊതു ചടങ്ങുകളില്‍ വര്‍ഷങ്ങളായി നസ്‌റല്ല പങ്കെടുത്തിരുന്നില്ല. ലെബനീസ് തലസ്ഥാനമായ ബയ്‌റുട്ടിന് തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ആക്രമിച്ചത്.

ഒടുവില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

മധ്യപൂര്‍വദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്‌റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ നസ്‌റല്ലയാണ് ലെബനീസ് സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത്. ഇസ്രയേലിനോട് പോരാടാന്‍ ഇറാനില്‍നിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്‌റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തില്‍ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. പലസ്തീന്‍ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായിരുന്നു നസ്റല്ല. 1960ല്‍ ബെയ്‌റൂട്ടിലാണ് ജനനം. ഒന്‍പത് മക്കളില്‍ മൂത്തവന്‍.

1975ല്‍ ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനില്‍ തിരിച്ചെത്തി വീണ്ടും അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചപ്പോള്‍ ഗ്രൂപ്പില്‍നിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോള്‍ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അല്‍ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 32ാം വയസില്‍ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.

ഇസ്രയേലിനെതിരെ നസ്‌റല്ലയുടെ ആദ്യത്തെ തിരിച്ചടി ഈ സംഭവത്തിലായിരുന്നു. വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. കാര്‍ബോംബ് ആക്രമണത്തില്‍ തുര്‍ക്കിയിലെ ഇസ്രയേല്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അര്‍ജന്റീനയിലെ ഇസ്രയേല്‍ എംബസിയിലെ മനുഷ്യബോംബ് സ്‌ഫോടനത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുമായുള്ള ചെറുയുദ്ധത്തില്‍ തെക്കന്‍ ലെബനനില്‍നിന്ന് ഇസ്രയേലിന് പിന്‍മാറേണ്ടി വന്നു.

ഇസ്രയേലിന്റെ തിരിച്ചടിയില്‍ നസ്‌റല്ലയുടെ മകന്‍ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുമെന്ന് നസ്‌റല്ല പ്രഖ്യാപിച്ചു. 2006 ല്‍ ഹിസ്ബുല്ല ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം യുദ്ധമായി വളര്‍ന്നു. 34 ദിവസത്തെ യുദ്ധത്തില്‍ 1125 ലെബനന്‍കാരും 119 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. നസ്‌റല്ലയുടെ വീട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു.

2009ല്‍ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്‌റല്ല മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വര്‍ഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിര്‍ത്ത് ലെബനനിലെ സുന്നി നേതാക്കള്‍ രംഗത്തുവന്നിരുന്നു. 2023 ഒക്ടോബര്‍ എട്ടിന് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതോടെ പിന്തുണയുമായി ഹിസ്ബുല്ലയെത്തി. ഇതോടെയാണ് സംഘടനയെ വീണ്ടും ഇസ്രയേല്‍ ലക്ഷ്യമിട്ടത് .

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനില്‍ ഇസ്രയേല്‍ പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ നടത്തി. നിരവധിപേര്‍ മരിച്ചു. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്‌റല്ല വ്യക്തമാക്കിയിരുന്നു. പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ലബനനില്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കന്‍ ലബനനില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയത്. വന്‍ സ്‌ഫോടനങ്ങളോടെ നാല് കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ബോംബ് സ്ഫോടനം നടക്കുമ്പോള്‍ ഹസന്‍ നസ്‌റുല്ല ആസ്ഥാനത്തുണ്ടായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. സംഘടനയുടെ തെക്കന്‍ മേഖല കമാന്‍ഡര്‍ അലി കരാക്കിയും സിറിയയിലെയും ലെബനനിലെയും ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറുമായ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.

ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ പ്രകാരം വ്യോമസേനയുടെ ആക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങള്‍ക്ക് താഴെയാണ് ഹിസ്ബുല്ല ആസ്ഥാനമെന്നും അതാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേ സമയം ഇസ്രായേല്‍ ആക്രമണമുണ്ടായെങ്കിലും ഹസന്‍ നസ്റുല്ല ആക്രമണത്തെ അതിജീവിച്ചതായി ഹിസ്ബുല്ല വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹസന്‍ നസ്‌റുല്ല സുരക്ഷിതനാണെന്ന് അല്‍-അറബിയയും അല്‍-ഹദത്തും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഹസന്‍ നസ്‌റുല്ലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷമാകും ഇസ്രായേല്‍ വ്യാപകമായി ബോംബാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നതെന്ന് ലബനാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങളില്‍ നിറയെ ആളുകളുണ്ടായിരുന്നുവെന്ന് ലബനാന്‍ ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം താമസസ്ഥലങ്ങളില്‍ നടത്തിയ ബോംബാക്രമത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. തെക്കന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഇസ്രായേല്‍ ബോംബാക്രമണം നടത്തുകയായിരുന്നു. വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലന്‍സുകള്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിഞ്ഞില്ല.