തിരുവനന്തപുരം: നിസാര കാരണം പറഞ്ഞ് ചികില്‍സ നിഷേധിക്കുകയും ചികില്‍സാ രേഖകള്‍ ആവശ്യപ്പെട്ടാലും നല്‍കാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരിന്റെ പിടിവീഴും. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 ല്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കണമെന്ന് കാട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ നവംബര്‍ 26 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കി ആരോഗ്യകുടുംബക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും പാലിക്കേണ്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ക്ലിനിക്കല്‍ എസ്റ്റാബല്‍ഷ്മെന്റ് ആക്ട് കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആശുപത്രികളും സ്‌കാനിങ് സെന്ററുകളും മെഡിക്കല്‍ ലബോറട്ടറികളും ഈ ഉത്തരവിന് കീഴില്‍ വരും. ആയുര്‍വേദ, അലോപ്പതി, ഹോമിയോ, ദന്ത, നേത്രആശുപത്രികള്‍ അടക്കം ആക്ടിന്റെ പരിധിയില്‍ വരുന്നുണ്ട്. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

അത്യാഹിതം സംഭവിച്ചു വരുന്ന രോഗിയെ പ്രാഥമിക ചികില്‍സ നല്‍കി അടിയന്തിര സാഹചര്യം തരണം ചെയ്യാന്‍ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികില്‍സ നിഷേധിക്കരുത്. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചികില്‍സാ രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും രോഗികള്‍ക്ക് കൈമാറണം.

കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികില്‍സ, മറ്റു സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനം തിരിച്ചുള്ള ബില്‍ രോഗികള്‍ക്ക് നല്‍കണം. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തില്‍ ലഭ്യമാക്കണം. ഇത് സ്ഥാപനത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

സ്ഥാപനത്തില്‍ ലഭ്യമായ സേവനങ്ങള്‍, സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളും പാക്കേജുകളും, നിലവിലുള്ള കിടക്ക വിവരങ്ങള്‍, ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ വിവരങ്ങള്‍, രോഗിയുടെ അവകാശങ്ങള്‍, സ്ഥാപനത്തില്‍ പരാതി ബോധിപ്പിക്കേണ്ട ഓഫീസറുടെ പേരും തസ്തികയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരും തസ്തികയും ഫോണ്‍ നമ്പരും ഈ-മെയില്‍ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇങ്ങനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതില്‍ കൂടുതല്‍ നിരക്കുകള്‍ രോഗിയില്‍ നിന്ന് ഈടാക്കാനും പാടില്ല.

നിയമം കര്‍ശനമാക്കുന്നതോടെ സ്വകാര്യ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരായ പരാതികളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് രോഗികള്‍. നിലവില്‍ ആശുപത്രികള്‍ക്കെതിരേ ഉയരുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകാറില്ല. എന്നാല്‍, ആശുപത്രി അധികൃതര്‍ നല്‍കുന്ന പരാതികളില്‍ എതിര്‍ത്തു സംസാരിക്കുന്നവരെ അകത്താക്കാനുള്ള വകുപ്പുകള്‍ നിലവിലുണ്ട്. ആശുപത്രി സംരക്ഷണ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം കര്‍ശനമാക്കുന്നതിലൂടെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പരാതിപ്പെടാനുള്ള ഒരു വേദി തുറന്നു കൂടി കിട്ടുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ അടക്കം സമീപിച്ച് അത് നേടിയെടുക്കാനും കഴിയും.