- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സംഭവം കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍; സ്‌കൂള്‍ മാനേജറുടെ നിര്‍ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു; പ്രതിഷേധിച്ച അധ്യാപികയെ സ്‌കൂളില്‍ കയറ്റിയത് പോലീസെത്തി

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു എന്നാണ് ആരോപണം. ഇതോടെ പ്രധാന അധ്യാപിക സിന്ധു എസ് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ചുരിദാര്‍ ഇട്ട് വരരുത് എന്ന് മാനേജര്‍ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്ന് രാവിലെ സ്‌കൂളില്‍ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ തടഞ്ഞത്. പ്രവേശിപ്പിക്കേണ്ടെന്ന മാനേജറിന്റെ നിര്‍ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പര്‍ പറഞ്ഞത്. മുന്‍പും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്.
കുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ടയുമായാണ് അധ്യാപിക സ്‌കൂളില്‍ എത്തിയിരുന്നത്. മാനേജറോട് ചുരിദാര്‍ ധരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം എന്ത് വസ്ത്രം ധരിച്ചും വരാമെന്നും തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജരുടെ വിശദീകരണം. പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.
അതേസമയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതായി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് വകുപ്പിന് ലഭിച്ചത്.
അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല. ഈ കാര്യങ്ങള്‍ ഇതിനു മുമ്പും ആവര്‍ത്തിച്ച വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേല്‍പ്പിക്കുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാമെന്നുമാണ് ജോയിന്റ് സെക്രട്ടറി സജുകുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.


