- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും; എഴുന്നേറ്റ് ചാരിയിരുന്നു; ഡോക്ടര്‍മാരുമായും മക്കളുമായും സംസാരിച്ചു; എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭവാര്‍ത്ത
ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍നിന്നു മാറ്റി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍നിന്നു മാറ്റി. വെന്റിലേറ്റര്‍ സഹായം മാറ്റിയെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലാത്തതിനാല്‍ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അപകടമുണ്ടായി ആറു ദിവസത്തിനു ശേഷമാണ് വെന്റിലേറ്റര്‍ സഹായം മാറ്റുന്നത്.
ഇന്നു രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയത്. ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. ശ്വാസകോശത്തിനു പുറത്തെ നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കില്‍ക്കൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ വെന്റിലേറ്ററില്‍നിന്നു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ഉമ തോമസ് കഴിഞ്ഞ ദിവസം എഴുന്നേറ്റ് ചാരിയിരുന്നിരുന്നു. ഇന്നും മക്കളും ഡോക്ടര്‍മാരുമായി അവര്‍ സംസാരിച്ചു.
എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് ഉമതോമസ് എഴുതിയത്.
വാടക വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറില്‍ കുറിച്ചിട്ടുണ്ട്. വാടകവീട്ടില്‍നിന്ന് പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗവിഷന്‍ എന്ന കമ്പനി സംഘടിപ്പിച്ച ഒസ്‌കര്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഉമ തോമസ് സ്റ്റേജില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണത്. അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അവര്‍ നാലു ദിവസത്തിനു ശേഷമാണ് കണ്ണു തുറന്നത്. തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരുക്കായിരുന്നു ഗുരുതരം. ശ്വാസകോശത്തില്‍ രക്തം കെട്ടിക്കിടന്നതും വെല്ലുവിളിയായിരുന്നു.