തിരുവനന്തപുരം: മലയാള സിനിമയിലെ മാഫിയ എങ്ങനെയാണ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് എന്നതിന്റെ തെളിവായ സംഭവങ്ങള്‍ ധാരാളമുണ്ട്. മുതിര്‍ന്ന നടന്‍ തിലകന്‍ പോലും ഈ വേട്ടയാടലിന് ഇരയായിട്ടുണ്ട്. സമാനമായ വിധത്തില്‍ ഒരു നടനെ ഈ സംഘം വേട്ടയാടിയെന്നാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച നടനെ ഒതുക്കിയ ഒരു പ്രശസ്ത നടനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍നിന്ന് തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിറുത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.

ഈ നടന്‍ പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളും തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുന്നവരാണ്. സഹപ്രവര്‍ത്തകരോട് പോലും സംഭവം തുറന്നു പറഞ്ഞാല്‍ സിനിമ മേഖലയില്‍ നിന്നും തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമോ എന്നും കൂടുതല്‍ മാനസിക ശാരീരിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുമോ എന്ന ഭയമുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകളെ ഫാന്‍ ക്ലബുകള്‍ ഉപയോഗിച്ച് ക്രൂരമായ സൈബര്‍ അക്രമണത്തിന് ഇരയാക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.