- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിലെ എഫ്ഐആർ വായിക്കുകയാണ് ചെയ്തത്; വീഡിയോയിൽ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല; അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജിയിൽ വാദം തുടരും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയിൽ വാദം നടക്കും. രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. ഇരുവിഭാഗത്തിൻ്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കോടതി വാദം ഇന്നും തുടരുന്നത്. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും, പരാതിക്കാരിയെ അവഹേളിക്കുന്നതൊന്നും ഇതിൽ ഇല്ലെന്നുമാണ് രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്‌ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കെ കീഴ്‌ക്കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതു നിയമവിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ജില്ലാ കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു.
എന്നാൽ, രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്‌വേഡ് നല്‍കാന്‍ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബലാത്സംഗ കേസിൽ തുടർച്ചയായ പത്താം ദിവസവും ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചിൽ മുപ്പത്തിരണ്ടാമത്തെ ഇനമായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്നും, താൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രധാന വാദങ്ങൾ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.




