ബൊഗാട്ട: അമ്മേ, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. ലോകം മുഴുവന്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിന്ന് നോക്കി നില്‍ക്കെ, 13 വയസ്സുള്ള ഒമൈറ സാഞ്ചസിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു. 1985 നവംബര്‍ 13-ന് കൊളംബിയയിലെ നെവാഡോ ഡെല്‍ റൂയിസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന്, അര്‍മേറോ പട്ടണം ഒന്നാകെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടിരുന്നു. അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് വന്‍ തോതില്‍ ചെളിക്കെട്ട് ഉണ്ടാകുകയും നിരവധി പേര്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുകയും ചെയ്തു.

ഒമൈറ സാഞ്ചസ് എന്ന ഈ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി അന്ന് മൂന്ന് ദിവസമാണ് കുടുംബ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. സിമന്റ് പോലെയുള്ള ചെളിക്കടിയില്‍ പെ്ട്ടു പോയ ഈ കൗമാരക്കാരിയെ രക്ഷിക്കാന്‍ കൊളംബിയയില്‍ വന്‍ തോതിലുള്ള

രക്ഷാപ്രവര്‍ത്തനമാണ് അന്ന് നടന്നത്. ചെളിക്കിടയില്‍ അരയ്ക്ക് താഴെ കുടുങ്ങിയിരിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്തിയത് എന്നിട്ടും ആര്‍ക്കും അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രക്ഷാപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും പത്രപ്രവര്‍ത്തകരും ഒമൈറയുടെ അവസാന നിമിഷങ്ങള്‍ അവളോടൊപ്പം ചെലവഴിച്ചിരുന്നു. അവളെ ആശ്വസിപ്പിക്കാനും കൂടെ നിര്‍ത്താനും മധുരപലഹാരങ്ങളും പാനീയങ്ങളും അവര്‍ കൊണ്ടുവന്നിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യങ്ങള്‍ കണ്ടത്. കൊളംബിയയിലെ ടെലിവിഷന്‍ ചാനലായ ആര്‍.സി.എന്‍ ആണ് സാഞ്ചസിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അവളുടെ അവസാന വാക്കുകളും അവര്‍ക്ക് ലഭിച്ചിരുന്നു.

ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് അവളുടെ അമ്മ ജോലിക്കായി തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പോയിരിക്കുകയായിരുന്നു. തനിക്ക് നടക്കാന്‍ കഴിയണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. 'അമ്മേ, ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു, അച്ഛാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ സഹോദരാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു അവള്‍ അവസാനമായി

പറഞ്ഞ വാക്കുകള്‍. 60 മണിക്കൂറിന് ശേഷം അവള്‍ മരിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ സാഞ്ചസിന് നേരിയ തോതിലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു.

മരണശേഷം, അവളുടെ അമ്മായിയുടെ കൈകള്‍ ഒമൈറയുടെ കാലുകളില്‍ കുരുങ്ങിയതായും കണ്ടെത്തിയിരുന്നു. ഒമൈറയുടെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ഫ്രഞ്ച് ഫോട്ടോ-ജേണലിസ്റ്റ് ഫ്രാങ്ക് ഫൊര്‍ണിയര്‍ക്ക് 1986 ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. അതേ സമയം കുട്ടി അവസാന ശ്വാസമെടുക്കുമ്പോഴും അവളെ സഹായിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുത്തത് എന്തിനാണ് എന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു എന്നാണ് ഫൊര്‍ണിയര്‍ പറയുന്നത്.

ഒമൈറയെക്കുറിച്ച് പറയുമ്പോള്‍, ആ പെണ്‍കുട്ടി 'അവിശ്വസനീയമായ ഒരു വ്യക്തിത്വം' ആയിരുന്നുവെന്നാണ് ഫൊര്‍ണിയര്‍ ഓര്‍ക്കുന്നത്. മകളുടെ മരണത്തിന് മുപ്പത് വര്‍ഷത്തിന് ശേഷം, 2015 ലെ ഒരു അഭിമുഖത്തില്‍ അമ്മയായ മരിയ തന്റെ മകളെക്കുറിച്ച് സ്നേഹപൂര്‍വ്വം സംസാരിച്ചു. 1985 ലെ അഗ്‌നിപര്‍വ്ത സ്ഫോടനവും തുടര്‍ന്നുണ്ടായ ദുരന്തങ്ങളിലും പെട്ട് പതിനായിരക്കണക്കിന ആളുകളാണ് കൊല്ലപ്പെട്ടത്.