ന്യൂഡല്‍ഹി: ഡല്‍ഹിയിലും നോയിഡയിലും ഇന്നുച്ചതിരിഞ്ഞ് കനത്ത പൊടിക്കാറ്റും മഴയും. പലയിടത്തും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിക്കയിടത്തും ഹോര്‍ഡിങ്ങുകള്‍ മറിഞ്ഞുവീഴുകയും, മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

പൊടുന്നനെയുള്ള കാലാവസ്ഥാ മാറ്റം ഫ്‌ളൈറ്റുകളെ ബാധിച്ചേക്കും. മെട്രോ ട്രെയിന്‍ യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി.

നോയിഡയില്‍ കനത്ത കാറ്റില്‍ ജനാലപ്പാളികള്‍ അടര്‍ന്നുവീഴുകയും, പരസ്യ ഹോഡിങ്ങുകള്‍ താഴെ വീഴുകയും ചെയ്തു. ലോധി റോഡ് ഫ്‌ളൈ ഓവറില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ഒരാള്‍ മരിച്ചു.് വഴി കുറുകെ കടക്കുന്നതിനിടെയാണ് പോസ്റ്റ് മേലേക്ക് വീണത്.

വൈകുന്നേരം 7.45-നും 8.30-നും ഇടയില്‍ ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും ശക്തമായ കാറ്റുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 41 മുതല്‍ 79 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹരിയാണയിലും പരിസരപ്രദേശങ്ങളിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഡല്‍ഹിയിലെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമായത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. പെട്ടെന്നുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും പൊടിക്കാറ്റും ജനജീവിതം ദുസ്സഹമാക്കി.

സിക്കന്ധ്ര റോഡിലെ അക്ഷര്‍ധാം ഫ്‌ളൈ ഓവറിന് സമീപത്തും, തിലക് പാലത്തിന് അടിയിലും വെള്ളക്കെട്ടുണ്ടായി. കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി പറന്നിറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇന്‍ഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.