- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്ത് കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു; ഒന്‍പത് നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്; നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
ഒന്‍പത് നദികളില്‍ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്കി.
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്, പത്തനംതിട്ട ജില്ലയിലെ അച്ഛന് കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്, കോന്നി ജിഡി സ്റ്റേഷന് , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്, കൊടിയങ്ങാട് സ്റ്റേഷന്, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്, മുദങ്ങ സ്റ്റേഷന്, പനമരം സ്റ്റേഷന് കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന് എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
യാതൊരു കാരണവശാലും ആളുകള്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുന്ന ന്യുന മര്‍ദ്ദ സാധ്യത കൂടി പരിഗണിച്ച് അടുത്ത 4-5 ദിവസം കൂടി ഉയര്‍ന്ന ലെവല്‍ മുന്നറിയിപ്പ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ചെറിയ രീതിയില്‍ മഴയുടെ തീവ്രതയില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച് റെഡ് അലര്‍ട്ടില്‍ മാറ്റമില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാ,ട് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
മഴതുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി നല്‍കിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.
ഇന്നലെ രാത്രി കോഴിക്കോട് അരീക്കാട് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണിരുന്നു. ഇതാണ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്. പത്ത് മണിക്കൂറോളം സമയമെടുത്താണ് മരം നീക്കിയതും ഗതാഗതം പുനഃസ്ഥാപിച്ചതും. കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്.