- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിതീവ്ര മഴയില്‍ മുങ്ങി മുംബൈയും പൂനെയും; നാല് മരണം; വിമാന സര്‍വീസുകള്‍ മുടങ്ങി; ഹിമാചലില്‍ മേഘവിസ്ഫോടനം; ഗുജറാത്തില്‍ വെള്ളപ്പൊക്കം
മുംബൈ: മുംബൈയിലും പുനെയിലും കനത്ത മഴയില്‍ പ്രളയ സമാന സാഹചര്യം. മുംബൈയില്‍ വിമാനങ്ങള്‍ റദ്ദാക്കി. സിയോണ്‍, ചെമ്പുര്, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
രണ്ടിടത്തും വിമാന, ട്രെയിന്‍ സര്‍വീസുകളെ മഴ ബാധിച്ചിട്ടുണ്ട്. മുംബൈയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സര്‍വീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ ഏഴ് തടാകങ്ങള്‍ നിറഞ്ഞൊഴുകുകയാണ്.
പുനെയില്‍ നാല് പേര് മരിച്ചു. വെള്ളം നിറഞ്ഞ തെരുവില്‍നിന്ന് മൂന്ന് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂര്‍ അടച്ചിടുമെന്ന് പുനെ കലക്ടര്‍ അറിയിച്ചു. പാലങ്ങള്‍ വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പുനെയില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന അതിശക്തമായ മഹാരാഷ്ട്രയിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് ഉയര്‍ത്തിയത്. മുംബൈ, പൂനെ, താനെ, പാല്‍ഗര്‍ തുടങ്ങി നഗരങ്ങളെല്ലാം വെള്ളത്തിലാണ്. നദികള്‍ കരകവിഞ്ഞ് പാലങ്ങളടക്കം വെള്ളത്തില്‍ മൂടിയ അവസ്ഥയിലാണെന്ന് ഇവിടെ നിന്നുള്ള വീഡിയോകള്‍ കാണിക്കുന്നു.
അതിശക്തമായ മഴയെ തുടര്‍ന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) മുംബൈയിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൂനെയിലെ എല്ലാ സ്കൂളുകളും കോളേജുകളും ജൂലൈ 25 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍പ്രളയം. പ്രളയത്തില്‍ കേടുപാടുണ്ടായ ലേമണാലി റോഡ് അടച്ചതോടെ ഗതാഗതം മുടങ്ങി. ബുധനാഴ്ച രാത്രിയിലായിരുന്നു മേഘവിസ്ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തില്‍ ബുധനാഴ്ച എട്ട് പേര് മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. സൂറത്തില്‍ ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു.
മുംബൈ അന്ധേരിയിലെ മാല്‍പ ഡോംഗ്രി പ്രദേശത്ത് 157 മില്ലിമീറ്ററും പൊവായിലെ പാസ്പോളിയില്‍ 155 മില്ലീമീറ്ററും ദിന്‍ഡോഷിയില്‍ 154 മില്ലീമീറ്ററുമാണ് ലഭിച്ച മഴയുടെ അളവ്. അതിശക്തമായ മഴയെ തുടര്‍ന്ന് പൂനെ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപെട്ടത്. നിരവധി ജനവാസ കേന്ദ്രങ്ങളില്‍ മുട്ടോളം വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി, മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും വൈദ്യുതിയും മുടങ്ങി.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഖഡക്വാസ്ല അണക്കെട്ട് നിറഞ്ഞതോടെ പൂനെ ഭരണകൂടം മുത്താ നദിയിലേക്ക് വെള്ളം തുറന്നുവിടുകയും നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഏകതാ നഗര്‍, സിന്‍ഹഗഡ് റോഡ്, പുലച്ചി വാടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ കാര്യമായ വെള്ളക്കെട്ടുണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഹഗഡ് റോഡിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍, ജലനിരപ്പ് നെഞ്ച് ഉയരത്തില്‍ ഉയര്‍ന്നതിനാല്‍ ഇവിടെ താമസിച്ചിരുന്നവരെ ബോട്ടിലെത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ ജലനിരപ്പ് പൂനെയിലെ ഭിഡെ പാലം മൂടുന്നത് കാണിച്ചു. എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ 400 ഓളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വഴിയുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കുകയോ വൈകി ഓടുകയോ ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കത്രാജിലെ നാനാസാഹെബ് പേഷ്വാ തടാകം നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ കാണാം. നാല് മണിക്കൂറിനുള്ളില്‍ 370 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയ ലോണാവാല വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്. ലോണാവാലയിലേക്കോ സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലോ യാത്ര ചെയ്യുന്നതിനെതിരെ അധികൃതര്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്കി. മഴയെത്തുടര്‍ന്ന് പൂനെ-കൊലാഡ് ഹൈവേ അടച്ചു. നീര നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന വീര്‍ അണക്കെട്ട് 85 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. നദീതീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെ പൂനെയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും സമതലങ്ങളില്‍ മിതമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.