- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കാമെന്നു ഹൈക്കോടതി; പരാതി നല്‍കിയവരെ സംഘടനയില്‍ നിന്നും പുറത്താക്കിയാലും കോടതിയെ സമീപിക്കാം; നോഡല്‍ ഓഫീസറുടെ അധികാര പരിധിയും കൂടുന്നു
കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കാമെന്നു ഹൈക്കോടതി. മൊഴി നല്‍കിയവര്‍ക്കു ഭീഷണിയുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കാന്‍ നിയോഗിച്ച നോഡല്‍ ഓഫിസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
സാക്ഷികള്‍ക്കു ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫിസര്‍ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാന്‍ നടി രഞ്ജിനി നല്‍കിയ അപേക്ഷയും കോടതി പരിഗണിച്ചു. എഐജി ജി.പൂങ്കുഴലിയാണ് നോഡല്‍ ഓഫിസര്‍. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ശേഷം മൊഴി നല്‍കാന്‍ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടു എന്ന് രഞ്ജിനി വ്യക്തമാക്കി.
നേരത്തേ മൊഴി നല്‍കിയപ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ലെന്നും എന്നാല്‍ സുപ്രീം കോടതിയില്‍ പോയപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തുവന്നതുകൊണ്ടായിരിക്കാം മൊഴി നല്‍കാന്‍ വിളിച്ചതെന്നും കോടതിയും അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം പരാതി നല്‍കിയവരെ അവര്‍ ഉള്‍പ്പെട്ട സംഘടനകളില്‍നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പുറത്താക്കാന്‍ നോട്ടിസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണി ഉണ്ടെങ്കില്‍ അവര്‍ക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള കേസുകളില്‍ മൊഴി കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.