തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളൊന്നും പുറത്തെത്തില്ല. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വരുന്നതിനെ അവരും എതിര്‍ക്കുന്നതോടെ പുറംലോകത്ത് എത്തുക വെറും ശുപാര്‍ശകള്‍ മാത്രമാകും. കമ്മറ്റിക്ക് മുന്നിലെത്തിയ മൊഴികളിലുള്ളത് ആരോപണമാണ്. അതുകൊണ്ട് തന്നെ അവ പുറത്തു വിടില്ല. മൊഴി നല്‍കിയവരുടെ വിശദാംശങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്യും. ഇതിനിടെയാണ് നടി രഞ്ജിനി തനിക്കും കമ്മറ്റി റിപ്പോര്‍ട്ട് വേണമെന്ന വാദവുമായി എത്തുന്നത്. മൊഴി നല്‍കിയവര്‍ വായിച്ചുറപ്പിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടാവൂവെന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാലും ആരോപണ വിധേയര്‍ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടും.

ആര്‍ക്കെതിരെയാണ് എന്തു തരത്തിലുള്ള മൊഴി എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധമേ കാര്യങ്ങള്‍ പുറത്തു വരൂ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് എന്തായാലും പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്.

അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തില്‍ സാംസ്‌കാരിക വകുപ്പ് എത്തിയത്. നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തിയ്യതി വരെ സര്‍ക്കാരിന് സമയമുണ്ട്. ഈ സാഹചര്യത്തിലാണ് പുറത്തു വിടുന്നത് നീട്ടിയത്. കോടതിയുടെ അടുത്ത ഉത്തരവില്‍ സര്‍ക്കാരിനും ആകാംഷയുണ്ട്.

നേരത്തെ ഹര്‍ജി നല്‍കിയ സജിമോന്‍ പാറയില്‍ ഈ വിഷയത്തില്‍ കക്ഷിയല്ല. എന്നാല്‍ രഞ്ജിനി മൊഴി കൊടുത്തുവെന്ന് കരുതുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും നിര്‍ണ്ണായക നിരീക്ഷണം ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ അല്‍പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49-ം പേജിലെ 96-ം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. മൊഴി നല്‍കിയവരുടെ പേര് പുറത്തു വരാതിരിക്കാനാണ് ഇതും.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓ?ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോര്‍ട്ടാകും പുറത്തുവിടുകയെന്നും നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിത്തന്നെയാണ് റിപ്പോര്‍ട്ട് വെളിച്ചംകാണുകയെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പേ വെള്ളിയാഴ്ച നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹര്‍ജിക്കാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാതെ എങ്ങനെ അത് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ട് പുറത്തുവിടണ്ട എന്നല്ല ഞാന്‍ പറയുന്നത്. എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് അറിയണം. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് എനിക്ക് അറിയില്ല. അവര്‍ എനിക്ക് അതിന്റെ കോപ്പി നല്‍കിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എങ്ങനെ റിപ്പോര്‍ട്ട് വെളിപ്പെടുത്തും. ആരെങ്കിലും ഈ ചോദ്യം ചോദിക്കുമെന്ന് ഞാന്‍ കരുതി. വനിത കമ്മീഷന്‍ പോലും ഇക്കാര്യം ചോദിച്ചില്ല. സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കണം.' ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയേക്കുറിച്ച് രഞ്ജിനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് എല്ലാം പരിശോധിച്ചത്.