തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്നും പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ബാലനായിരുന്നു സാംസ്‌കാരിക മന്ത്രി.

സിനിമാ മേഖലയില്‍ നിന്നും വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് കിട്ടിയിട്ടില്ല. മൊഴികള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുളളു. പുറത്ത് വിടാത്ത റിപ്പോര്‍ട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ് ഐ ആര്‍ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല-ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലന്‍ വെളിപ്പെടുത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നത് സാംസ്‌കാരിക വകുപ്പിന്റെ അടുത്ത് തന്നെയാണെന്നും വ്യക്തമാക്കി. ഇതു രണ്ടും പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് പറഞ്ഞ സ്ഥാപക അംഗത്തിന്റെ പേര് ബാലന്‍ പറഞ്ഞില്ല.

കമ്മീഷന് കൊടുത്ത മൊഴികള്‍ സര്‍ക്കാരിന് മുന്നിലില്ല. വ്യക്തിപരമായ പരാമര്‍ശം ഇല്ലാത്തതിന്റെ ഭാഗമായി, കേവലം ജനറല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഇന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാകില്ല. ഹേമ കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ പറ്റാത്ത തരത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി ശക്തമായി ഇടപെട്ടാണ് പ്രശ്നംപരിഹരിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു. 400 ഓളം പേജുകള്‍ പുറത്തു വരാത്ത മൊഴികളും രേഖകളുമുണ്ട്. അതൊന്നും കമ്മീഷന്‍ സര്‍ക്കാരിനും തന്നിട്ടില്ല. പുറത്തു വിട്ടിട്ടുമില്ല. നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ ചിലഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു പുറത്തുവിടാത്തത് ഹേമ കമ്മിറ്റിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിന് മുന്നില്‍ വ്യക്തിപരമായ പരാതി ഇല്ല. എന്നാല്‍ ഈ രംഗവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്.

സിനിമാ നടിക്കെതിരായ അതിക്രമത്തെത്തുടര്‍ന്ന് ഡബ്ലിയുസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. രണ്ടു വര്‍ഷത്തോളം ഇവര്‍ വിഷയങ്ങള്‍ പഠിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ പറ്റാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന്, മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയില്‍തന്നെ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടക്കുമ്പോള്‍ ഇത് ഇരുതല മൂര്‍ച്ചയുള്ള ഒരു പ്രശ്നം ആണെന്ന് കണ്ട് വളരെ അവധാനതയോടെയുള്ള സമീപനമാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ എടുത്തത്.

ഇതിന്റെ ഭാഗമായി മൊഴി പറയാന്‍ എത്തുന്നവര്‍ക്ക് കമ്മീഷന്‍ ഉറപ്പു നല്‍കിയിരുന്നു. ആരാണോ പറയുന്നത്, ആര്‍ക്കെതിരായാണോ പറയുന്നത്, വ്യക്തിപരമായി ഒരു രൂപത്തിലും വെളിപ്പെടുത്തില്ല എന്നാണ് കമ്മീഷന്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പലരും നിര്‍ഭയമായി കാര്യങ്ങള്‍ പറയാന്‍ തയ്യാറായത്. ഇതിന്റെ ഭാഗമായി രൂപം കൊണ്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടുന്നത് 2019 ഒക്ടോബര്‍ 31 നാണ്. കമ്മീഷനെ നിയോഗിച്ചത് 2017 ജൂണ്‍ മാസത്തിലാണ്. കമ്മീഷനെ വെക്കുമ്പോഴും റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും താന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നും എകെ ബാലന്‍ പറഞ്ഞു.

ഇതിനിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചില നടപടികളെടുത്തു. റെഗുലേറ്ററി അതോറിട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, സാങ്കേതിക വിഭാഗം, നടന്മാര്‍ ഇവരുടെയെല്ലാം പ്രതിനിധികളും നിയമവകുപ്പ് സെക്രട്ടറിയും കൂടി മന്ത്രിയായ തന്റെ ചേംബറില്‍ ചര്‍ച്ച നടത്തി. സ്വാഭാവികമായും ഉണ്ടാകുന്ന ചില ആശങ്കകള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന സമയത്താണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു കൊടുക്കാന്‍ പാടില്ല എന്ന തരത്തില്‍ ചില ഇടപെടലുകള്‍ ഉണ്ടായി. റിപ്പോര്‍ട്ട് പുറത്തു കൊടുക്കുന്നതിന് പ്രശ്നമില്ലെന്ന് വിവരാവകാശ കമ്മീഷന്‍ നിലപാട് സ്വീകരിച്ചു. ഇതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയ്യാറായപ്പോഴാണ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹര്‍ജി എത്തുന്നത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഡബ്ലിയുസിസിയിലെ ഒരു സ്ഥാപക അംഗം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന തരത്തില്‍ ഒരു ഇടപെടല്‍ നടത്തി. പിന്നീട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മൊഴിയെടുക്കുന്ന സമയത്ത് മൊഴി നല്‍കാനെത്തിയവര്‍ക്ക് നല്‍കിയ ഉറപ്പ് കണക്കിലെടുത്ത്, സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അങ്ങനെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വരുന്നത്.

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാതെ ഈ രംഗത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. ഇത് കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട വേദിയാണ്. വ്യവസായവുമായി ബന്ധപ്പെട്ട വേദി കൂടിയാണ്. അതിനാല്‍ ഇതിനെ പരിപൂര്‍ണമായി തകര്‍ക്കുന്ന രൂപത്തില്‍, വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ പാടില്ലല്ലോ, കുളിച്ചുകുളിച്ചു കുട്ടിയെ ഇല്ലാതാക്കാനും പറ്റില്ല, അതിനാല്‍ ഈ രണ്ടു ഭാഗങ്ങളും നോക്കി അവധാനതയോടെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. അതിന് നിയമപരമായി, ഭരണപരമായി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പുണ്ട് എന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഇരുതല മൂര്‍ച്ചയുള്ള ഒരു പ്രശ്നമാണ് കമ്മീഷന്‍ കൈകാര്യം ചെയ്തത്. അത് ഒരു ഘട്ടത്തിലേക്ക് എത്തിച്ചു. മേഖലയിലെ പൊതുവിലുള്ള പ്രവണതകള്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നത്. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതോടൊപ്പം മേലില്‍ ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കേണ്ട സംവിധാനം സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. ഇതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണ്. ഇന്നയിന്ന ആള്‍ക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നുവെങ്കില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കമ്മീഷന്റെ റിപ്പോര്‍ട്ട് പൊലീസിനെ അറിയിക്കേണ്ട കാര്യമില്ല. സ്റ്റാറ്റിയൂട്ടറി കമ്മീഷന്‍ ആണെങ്കില്‍ പോലും നിയമസഭയുടെ മുന്നില്‍ വെച്ച്, ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായിട്ടാണ് പൊലീസിന് വിടാന്‍ പറ്റുകയെന്നും എകെ ബാലന്‍ പറഞ്ഞു.

ആരാണ് റിപ്പോര്‍ട്ടിനെതിരെ നിലപാട് എടുത്ത സ്ഥാപക അംഗം

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു നടിയുടെ മൊഴിയാണ്. സിനിമയിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അക്കമിട്ട് നിരത്തി ആരോപണങ്ങള്‍ നിറയ്ക്കുന്നു. എന്നാല്‍ ഒരു നടിയുടെ മൊഴിയെ കുറിച്ച് മാത്രമാണ് കമ്മറ്റിക്ക് സംശയമുള്ളത്. ആ നടിയുടെ പേരും രഹസ്യമാണ്. പീഡനവും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറയുന്ന നടി. ഈ നടിയുടെ മൊഴിയെങ്കിലും പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് കേരളത്തില്‍ ഏറെയാണ്. കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ആ നടിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ കമ്മറ്റി റിപ്പോര്‍്ട്ടിലുണ്ട്. അതിനിടെയാണ് ബാലനും ആരോപണവുമായി എത്തുന്നത്.

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിഷനു മുന്നില്‍ ആവര്‍ത്തിച്ചത്. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണ്. മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ അല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ഥ താല്‍പര്യമെന്നോ വേണം ഈ മൊഴികളെ വിലയിരുത്തേണ്ടതെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൊഴികള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഏവരും അറിഞ്ഞതും കേട്ടതുമാണ്. ഇതിന് പിന്നിലെ ഗൂഡാലോചന ചര്‍ച്ചയാക്കിയതും പ്രമുഖ നടിയാണ്. സിനിമയിലെ കുടുംബ പ്രശ്നങ്ങളായിരുന്നു പള്‍സര്‍ സുനിയെന്ന ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഏവരും കേട്ടതുമാണ്. ആക്രമിക്കപ്പെട്ട നടിയുടെ കരച്ചിലും കേട്ടു. എന്നിട്ടും സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും നേരിടുന്നില്ലെന്ന നിലപാട് എങ്ങനെ പ്രമുഖ നടി കമ്മീഷന് മുന്നില്‍ എടുത്തുവെന്നതാണ് ഏവരേയും ഞെട്ടിക്കുന്ന കാര്യം. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞത് കൊച്ചിയിലെ പള്‍സറിന്റെ ക്രൂരത അറിയാതെയാണോ എന്ന് മുക്കില്‍ വിരല്‍ വയ്ക്കുന്നവരുമുണ്ട്.