- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊഴി നല്‍കിയവരെ പ്രത്യേക സംഘം ബന്ധപ്പെടും; പരാതിയില്‍ ഉറച്ചു നിന്നാല്‍ താരങ്ങള്‍ക്കെതിരെ കേസ് വരും; ഹേമാ കമ്മറ്റിയില്‍ നിര്‍ണ്ണായകമാകുന്നത് ഹൈക്കോടതിയുടെ ഇടപെടല്‍; മോളിവുഡില്‍ ഭീതി ശക്തം
ഹൈക്കോടതിയുടെ ചോദ്യം കാര്യങ്ങള്‍ എളുപ്പമാക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്.
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്‌തെന്ന ഹൈക്കോടതിയുടെ ചോദ്യം കാര്യങ്ങള്‍ എളുപ്പമാക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്. സ്വകാര്യതയുള്‍പ്പെടെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. സ്വകാര്യത സംരക്ഷിക്കണം. പക്ഷേ, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ എന്ത് ചെയ്തു. അത്തരമൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. സിനിമയിലെ മാത്രം പ്രശ്‌നമല്ലിതെന്നും കോടതി ഇതിനോട് പ്രതികരിച്ചു. ഇതോടെ ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ പ്രത്യേക സംഘത്തിന് കഴിയുന്ന സാഹചര്യമുണ്ടായി.
ഹേമാ കമ്മറ്റിയില്‍ മൊഴി നല്‍കിയവരെ അന്വേഷണ സംഘം സമീപിക്കും. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നവരുടെ പരാതിയില്‍ കേസെടുക്കും. അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും ചെയ്യും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കൈമാറാന്‍ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ ഭാഗമായ ഓഡിയോ, വീഡിയോ ക്ലിപ്പുകളടക്കം കൈമാറണം. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ റിപ്പോര്‍ട്ടിലെ വസ്തുത എല്ലാം പരിശോധിക്കേണ്ടി വരും.
മൊഴി നല്‍കിയവരെ എല്ലാം പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെടും. പുറത്തു വന്നതിനേക്കാള്‍ ഞെട്ടിക്കുന്ന വിരവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിനിമാ ലോകം അമ്പരപ്പിലാണ്. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടേയെന്ന് കോടതി ചോദിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ ആക്ട്, പോഷ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമാനയത്തിനായി കഴിഞ്ഞവര്‍ഷം കമ്മിറ്റി രൂപവത്കരിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു. നാലുവര്‍ഷത്തിനുശേഷം കമ്മിറ്റി രൂപവത്കരിച്ചിട്ട് എന്ത് കാര്യം. ആദ്യം നടപടി സ്വീകരിക്കൂ മൊഴിനല്‍കിയവര്‍ക്ക് താത്പര്യം ഇല്ലെങ്കില്‍ തുടരേണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. ഇതിനുശേഷമേ കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കൂ. വിഷയം ഒക്ടോബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ടിലെ രഹസ്യ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുമോ എന്നതില്‍ ഒളിച്ചു കളിച്ച സര്‍ക്കാരിനോടാണു റിപ്പോര്‍ട്ട് പൂര്‍ണമായും അവര്‍ക്കു നല്‍കാനും നിയമനടപടിയുടെ സാധ്യത പരിശോധിക്കാനും കോടതി നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ സ്വകാര്യതയുടെ പേരില്‍ രഹസ്യമാക്കി വച്ച വിവരങ്ങളും അന്വേഷണ പരിധിയിലാകും. മാത്രമല്ല, ആ അന്വേഷണത്തിന് ഹൈക്കോടതി നിരീക്ഷണവും ഉറപ്പാവുകയാണ്.
കമ്മിറ്റിക്കു നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.ഹേമ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്നു ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയുംകാലം രഹസ്യമാക്കി വച്ചതെന്നാണ് സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തുന്ന വാദം. പ്രത്യേക അന്വേഷണ സംഘമാകട്ടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തൊടാതെ പരസ്യമായ ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും മാത്രമാണു നടപടികള്‍ സ്വീകരിച്ചത്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലോടെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് പുതിയ തലം വരികയാണ്. ഇത് മലയാള സിനിമയയേയും(മോളിവുഡ്) പിടിച്ചുലയ്ക്കുകയാണ്. ആരെല്ലാം ആരോപണത്തില്‍ കുടുങ്ങുമെന്നത് താമസിയാതെ തന്നെ വ്യക്തമാകും.