കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. മൊഴി നല്‍കിയവരുമായി ബന്ധപ്പെടാന്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നവരുടെ പരാതിയില്‍ കേസെടുക്കും. അക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്യും.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഹേമാ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്. ഇതും അന്വേഷണ സംഘം തിരിച്ചറിയുന്നു. കടുത്ത വെല്ലുവിളിയാകും ഇവര്‍ക്ക് മുന്നില്‍ നിറയുന്നത്. മലയാള സിനിമയും ആശങ്കയിലാണ്. ആരെല്ലാം ആര്‍ക്കെല്ലാമെതിരെ മൊഴി നല്‍കുമെന്നത് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ 'ഇര'കളെ എങ്ങനേയും സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതകളും പല പ്രമുഖരും തേടുന്നുണ്ട്.

അതിനിടെ ജസ്റ്റിസ് കെ. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി എത്തിയിട്ടുണ്ട്. കേന്ദ്രനിയമപ്രകാരമാണു സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ ഏഴ്, ഐറ്റം 16 പ്രകാരം ഒരു സിനിമ പൂര്‍ത്തിയാകുന്നതുവരെയുള്ള കാര്യങ്ങള്‍ കേന്ദ്രപട്ടികയിലാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനു നോട്ടീസ് അയച്ച കോടതി വിശദമായ വാാദം കേള്‍ക്കാന്‍ മാറ്റി. ഐറ്റം 33 പ്രകാരമുള്ള അധികാരമാണു സംസ്ഥാനസര്‍ക്കാരിനുള്ളത്. ഷൂട്ടിങ് ഉള്‍പ്പെടെ സിനിമ പൂര്‍ത്തിയായശേഷമുള്ള കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. റിലീസിങ്ങിനു മുമ്പുള്ള കാര്യങ്ങള്‍ കേന്ദ്രനിയമത്തിനു കീഴിലാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് അധികാരമുള്ളൂവെന്നാണു ഹര്‍ജിക്കാരന്റെ വാദം. ഹേമ കമ്മറ്റി മുമ്പാകെയുള്ള ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെ റിലീസിങ്ങിനു മുമ്പുള്ള കാര്യങ്ങളാണ്. അതില്‍ സംസ്ഥാനസര്‍ക്കാരിനു നിയമനിര്‍മാണാധികാരമില്ലെന്നും കമ്മിറ്റിയെ നിയോഗിച്ചതു നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കാവുന്ന കേസില്‍ അന്വേഷണ കമ്മിഷന്‍ നിയമപ്രകാരമാണെങ്കിലും അല്ലെങ്കിലും മൊഴികള്‍ പ്രകാരം കേസെടുക്കാമെന്നാണു സര്‍ക്കാര്‍ വാദം. ഇക്കാര്യം കോടതിയെ അറിയിക്കും. ഒരു വിവരം ലഭിച്ചാല്‍ അതുപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നാണു ലളിതകുമാരി കേസില്‍ സുപ്രീം കോടതിയും കഴിഞ്ഞ ജൂലൈ ഒന്നിനു നിലവില്‍വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലും വ്യക്തമാക്കുന്നത്. റിലീസിങ്ങിനു മുമ്പ് ചിത്രീകരണസ്ഥലത്തുള്‍പ്പെടെ നടക്കുന്നതെല്ലാം കേന്ദ്രനിയമപരിധിയിലാണെങ്കിലും ക്രിമിനല്‍ കുറ്റങ്ങളുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനും തുല്യാധികാരമുണ്ട്.

കമ്മിറ്റിക്കു നിയമസാധുതയുണ്ടോയെന്നതും ക്രിമിനല്‍ കുറ്റവും വെവ്വേറേ വിഷയങ്ങളാണെന്നു സര്‍ക്കാര്‍ വാദിക്കുന്നു. കമ്മിറ്റി മുമ്പാകെ ലഭിച്ചതായാലും കുറ്റകൃത്യവിവരമറിഞ്ഞാല്‍ മറച്ചുവയ്ക്കാനാവില്ലെന്ന നിലപാടിലാണു ഹൈക്കോടതിയും. റിപ്പോര്‍ട്ടില്‍ പൊതുവായി പറഞ്ഞ കാര്യങ്ങളല്ലാതെ, കൃത്യമായ മൊഴിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.