കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഓണക്കാല സിനിമകള്‍ പ്രതിസന്ധിയില്‍. ഓണക്കാല സിനിമകളുടെ പതിവ് പ്രൊമോഷന്‍ പരിപാടികള്‍ പോലും ആരംഭിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് പ്രമുഖ നടന്മാര്‍ പോലും പ്രൊമോഷന് എത്തുന്നില്ല. ഇതിനൊപ്പം പുതിയ സിനിമാനിര്‍മാണത്തിനുള്ള ടൈറ്റില്‍ രജിസ്ട്രേഷനും സാരമായി കുറഞ്ഞു. സിനിമാ വ്യവസായത്തെ ആകെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പ്രതിസന്ധിയിലാക്കിയെന്നതാണ് വസ്തുത.

ഷൂട്ടിങ്ങില്‍ നിന്ന് പ്രധാന താരങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ കോടതിയിലെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന ആശങ്ക സിനിമാ ലോകത്തിനുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഓണത്തിനില്ല. മോഹന്‍ലാലിന്റെ 'ബറോസ്' ഓണത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒക്ടോബറിലേക്ക് റിലീസ് മാറ്റി. മമ്മൂട്ടിയുടെ 'ബസൂക്ക' ഡിസംബറിലാകും റിലീസ്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിരവധി നടന്മാര്‍ ആരോപണ നിഴലിലാണ്. ഇവര്‍ അറസ്റ്റിലായാല്‍ അവര്‍ അഭിനയിച്ച സിനിനിമകളേയും അത് ബാധിക്കും.

ടൊവിനോ നായകനായ 'അജയന്റെ രണ്ടാം മോഷണം', ആന്റണി വര്‍ഗീസിന്റെ 'കൊണ്ടല്‍', ആസിഫ് അലിയുടെ 'കിഷ്‌കിന്ധാകാണ്ഡം' തുടങ്ങിയവയാണ് പ്രധാന ഓണംറിലീസുകള്‍. വിജയ്യുടെ തമിഴ്ചിത്രം 'ഗോട്ട്' എത്തുന്നുണ്ട്. എന്നാല്‍, പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങാത്തതില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. പുതിയ സിനിമാ ടൈറ്റിലുകളുടെ രജിസ്ട്രേഷനില്‍ 25 ശതമാനം കുറവുവന്നതായി കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ 219 സിനിമകളില്‍ 190 എണ്ണവും പുതുമുഖ നിര്‍മാതാക്കളുടേതാണ്. വിവാദങ്ങള്‍ കാരണം പുതിയ നിര്‍മ്മതാക്കളും മാറിനില്‍ക്കുന്നു.

പുതിയ സിനിമകള്‍ക്കായുള്ള ചര്‍ച്ചപോലും നിലച്ച അവസ്ഥയിലാണെന്ന് തിയറ്റര്‍ ഉടമാ സംഘടനയായ ഫിയോക്കിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കെ വിജയകുമാര്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്തവര്‍ഷം കേരളത്തിലെ തിയേറ്ററുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതരഭാഷാസിനിമകളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സിനിമാ വ്യവസായത്തെ തകര്‍ക്കരുതെന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ആവശ്യപ്പെട്ടത്. ഹേമാ കമ്മറ്റിയെ പിന്തുണച്ച് ഫെഫ്ക രംഗത്തു വന്നതും വ്യവസായത്തിലെ പ്രതിസന്ധി തിരിച്ചറിഞ്ഞാണ്.

അതിനിടെ ശ്രീകുമാരന്‍ തമ്പി അവാര്‍ഡ് മോഹന്‍ലാലിന് കൈമാറിയതിലൂടെ സൂപ്പര്‍താരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന ചര്‍ച്ച സിനിമാ ലോകത്ത് ശക്തമാണ്. സര്‍ക്കാരിന്റെ തലവനാണ് മുഖ്യമന്ത്രി. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് കൊടുക്കാന്‍ പിണറായി എത്തിയത് എല്ലാവിധ പരിശോധനകളും നടത്തിയാണ്. അതുകൊണ്ട് തന്നെ ഹേമാ കമ്മറ്റിയിലെ വില്ലന്മാരുടെ കൂട്ടത്തില്‍ ലാലുണ്ടാകില്ലെന്നാണ് സിനിമാക്കാര്‍ക്കിടിലെ അടക്കം പറച്ചില്‍.

ഈ ചടങ്ങില്‍ മോഹന്‍ലാലുമായി ആശയ വിനിമയത്തിനും മുഖ്യമന്ത്രി ഇടപെട്ട് അവസരമൊരുക്കി. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് അടുത്ത കസേര നല്‍കിയത് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ്. എന്നാല്‍ സജി ചെറിയാനോട് ആ കസേരയില്‍ നിന്നും മാറാനും ലാലിനെ അവിടേക്ക് ഇരുത്താനും പിണറായി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മുഖ്യമന്ത്രിയുടെ അടുത്ത ഇരിപ്പിടം ലാലിന് കിട്ടി. പിന്നീട് പതിനഞ്ച് മിനിറ്റോളം മുഖ്യമന്ത്രിയും ലാലും ആശയ വിനിമയവും നടത്തി. സിനിമയിലെ പ്രശ്നങ്ങളും അമ്മയില്‍ നിന്നുള്ള രാജിയും ലാലിന്റെ ഭാര്യയുടെ ശസ്ത്രക്രിയ വിവരങ്ങളും അടക്കം ലാലുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. ഇതെല്ലാം ലാലിനെതിരെ ഹേമാ കമ്മറ്റിയില്‍ ഒന്നുമില്ലെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ലാലുമായി അടുത്തിടപെഴുകാന്‍ മുഖ്യമന്ത്രിയ്ക്ക് ഒരു വിമുഖതയും ഉണ്ടായിരുന്നില്ല.

മലയാള സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുകയും ചെയ്യുന്ന കലാകാരനാണു മോഹന്‍ലാല്‍. മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ മേഖലയിലടക്കം സ്ത്രീകള്‍ക്കു നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയണം. കലാകാരികള്‍ക്ക് ഉപാധികള്‍ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നു.