കൊച്ചി: ഹേമ റിപ്പോര്‍ട്ട് പുറത്തു വിട്ടതിലും സര്‍ക്കാറിന്റെ കള്ളക്കളിയെന്ന് ആരോപണം. അഡ്വ. ഹരീഷ് വാസുദേവനാണ് ഈ ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടതിലും കടുംവെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നത്. വിവരാവകാശ കമ്മീഷണന്‍ പുറത്തുവിടാനാമെന്ന് അനുമതി നല്‍കിയ കാര്യങ്ങള്‍ പോലും പുരത്തുവിടാതെ സര്‍ക്കാര്‍ കൂടുതല്‍ പേജുകള്‍ അട്ടിമറിച്ചു എന്നാണ് ഹരീഷിന്റെ ആരോപണം. സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിനെ സഹായിക്കാനെന്ന് ഈ നീക്കമെന്ന സംശയവും ശക്തമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെ യും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്തുവിടാമെന്നാണ് വിവരാവകാശ കമ്മീഷന്റെ വിധി. ജൂലൈ 5 നാണ് വിധി പുറപ്പെടുവിച്ചത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷന്‍ വിധിയില്‍ പറഞ്ഞു.

വിധി അനുസരിച്ച് ഒഴിവാക്കേണ്ട ഭാഗങ്ങളുടെ പട്ടിക തയാറാക്കി സാംസ്‌കാരിക വകുപ്പ് SPIO ജൂലൈ 18 നു ഉത്തരവിറക്കുന്നു. അതില്‍ റിപ്പോര്‍ട്ടിലെ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലില്ല. മറിച്ച് അവ നല്‍കുമെന്ന് തീരുമാനിച്ച ഭാഗത്തിലാണെന്നാണ് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതിയില്‍ കേസിയതിന് ശേഷം ഒരു മാസത്തിനു ശേഷം സര്‍ക്കാര്‍ ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി പുറത്തുവിടുന്നത്.

പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണെന്നും ഹരീഷ് പറയുന്നു. 'മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു' എന്നതാണ് 96 ആം പാര. ഇതാണ് മറയ്ക്കണമെന്നു കമ്മീഷന്‍ പറഞ്ഞത്. എന്തിന്? ഇതിലെന്ത് സ്വകാര്യത? അപ്പോള്‍ സ്വകാര്യതയുടെ പേരില്‍ സര്‍ക്കാര്‍ മറച്ച പാരഗ്രാഫുകളുടെ കാര്യത്തിലും സംശയം ഉണ്ടാവുന്നു.

ആ പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളത് (97-108). ജൂലൈ 18 നു സര്‍ക്കാര്‍ തന്നെ കൊടുക്കാന്‍ നിശ്ചയിച്ച ആ 11 നിര്‍ണ്ണായക പാരഗ്രാഫുകള്‍ ആഗസ്ത് 19 ആയപ്പോഴേക്ക് ഉത്തരവിന് വിരുദ്ധമായി അട്ടിമറിയിലൂടെ പൂഴ്ത്തി വെച്ചത് ആരെ സഹായിക്കാന്‍?? ഉത്തരവ് പ്രകാരം നല്‍കേണ്ട 97-108 പാരകള്‍ റിപ്പോര്‍ട്ടിന്റെ കൂടെ കിട്ടാത്ത കാര്യം മാധ്യമങ്ങള്‍ പരാതിപ്പെട്ടിട്ടില്ല . ഈ അട്ടിമറിയുടെ വിശദാംശങ്ങള്‍ മനസിലാകാന്‍ ആ പാരഗ്രാഫുകള്‍ കൂടി സര്‍ക്കാര്‍ പുറത്തുവിടണം. ജൂലൈ 18 ലെ ഉത്തരവ് അനുസരിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണം. ഈ ഒളിച്ചുകളി ഇനി പറ്റില്ലെന്നും അഡ്വ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ടിഐ കമ്മീഷണര്‍ പുറത്തുവിടാമെന്ന് പറഞ്ഞ ഭാഗങ്ങളാണ് സര്‍ക്കാര്‍ കടുംവെട്ടു നടത്തി മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം. ്ഇതെല്ലാം സിനിമയിലെ പവര്‍ഗ്രൂപ്പിന് വേണ്ടിയാണെന്നും ആക്ഷേപം ഉയരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കള്ളക്കളി തുടരുയാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷവും ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ലോബിയിലുള്ളവരുടെ പേര് പുറത്ത് വിടണമെന്ന ആവശ്യമാണ് പ്രധാനമനായും പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയ കോണ്‍ക്ലേവ് ഹേമ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും സര്‍ക്കാരിന് നിയമ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

'റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒളിച്ചുവെച്ചത് തെറ്റാണ്. അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. വനിതാ ഐപിഎസ് ഓഫീസറെ കൊണ്ട് സംഭവങ്ങള്‍ അന്വേഷിപ്പിക്കണം. സര്‍ക്കാര്‍ പറയുന്ന ന്യായീകരണം പച്ചക്കള്ളമാണ്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറയാന്‍ ജസ്റ്റിസ് ഹേമയ്ക്ക് അധികാരമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഹേമ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയും രംഗത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാര്‍. ഹേമ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മുദ്ര വെച്ച കവറില്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കണെമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഇരകള്‍ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സിനിമാ മേഖലയില്‍ നിന്നടക്കം സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കെ പൊതു അഭിപ്രായത്തിനൊപ്പം ചേര്‍ന്ന് നിന്ന് പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ക്ലേവ് നടത്തുകയാണെങ്കില്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാനും യുവജന സംഘടനകളുടെയും മഹിളാ കോണ്‍ഗ്രസിന്റെയുമെല്ലാം നേതൃത്വത്തില്‍ സമര പരിപാടികള്‍ നടത്താനും യുഡിഎഫില്‍ ആലോചനയുണ്ട്.