കൊച്ചി: ഹേമാ കമ്മറ്റിയില്‍ നിലപാട് കടുപ്പിക്കുമെന്ന സൂചന നല്‍കി ഹൈക്കോടതി. ഹേമാ കമ്മറ്റിയില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. പൂര്‍ണ്ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷനെ സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് പുതിയതലം വരികയാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ക്രിമിനല്‍ കേസ് വേണമെന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് നാലാം ദിനത്തിലും മൗനം തടരുകയാണ്് സിനിമാ സംഘടനകള്‍. അതിനിടെയാണ് ഹൈക്കോടതി നീക്കം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അടക്കം പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ നിരീക്ഷണങ്ങള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്.

സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേര്‍ന്നെങ്കിലും പ്രതികരിക്കേണ്ടെന്നായിരുന്നു തീരുമാനം. റിപ്പോര്‍ട്ടില്‍ താരസംഘടനയായ 'അമ്മ'യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. ഇരകള്‍ പരാതി നല്‍കട്ടെ എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍വതി പറഞ്ഞു. പവര്‍ഗ്രൂപ്പിലുള്ളവരുടെ പേരുകളേക്കാള്‍ പ്രധാനം ഇനിയുള്ള നടപടികളെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് കേസില്‍ ഹൈക്കോടതി ഇടപെടലും ഉണ്ടാകുന്നത്.

സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലവും ഹൈക്കോടതിയില്‍ നല്‍കണം. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം പരിശോധിച്ച് ഹൈക്കോടതി അന്തിമ തീരുമാനം എടുക്കും. കോടതിക്ക് മുമ്പില്‍ സര്‍ക്കാരെടുക്കുന്ന നിലപാട് അതുകൊണ്ട് തന്നെ നിര്‍ണ്ണായകമായി മാറും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നടപടി സിനിമാക്കാരെ അമ്പരപ്പിലാക്കുന്നുണ്ട്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവരാത്ത റിപ്പോര്‍ട്ടിലുള്ളത്. ഇത് പൊതുസമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സെന്‍സര്‍ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

വനിതാകമ്മിഷന്‍ നിര്‍ദ്ദേശമനുസരിച്ച് പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സ്വകാര്യതയെ മാനിക്കേണ്ട വിഷയമായതിനാലാണ് പൊലീസ് നടപടിയും പ്രതിസന്ധിയിലായത്. കമ്മിറ്റിയെ നിയോഗിച്ചത് സിനിമാമേഖലയിലെ കുറ്റങ്ങള്‍ കണ്ടെത്തി ശിക്ഷിക്കാനല്ല. മറിച്ച് പ്രതിലോമപരമായ കാര്യങ്ങള്‍ അവിടെ നടക്കുന്നത് കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്. അതനുസരിച്ചുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയ്‌ലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികള്‍ എന്നിവ ഒരുക്കണമെന്നത് സംബന്ധിച്ച് സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാനാവില്ല. ഇക്കാര്യങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.