തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും താര സംഘടനയായ 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ചേരുകയോ ഔദ്യോഗിക പ്രതികരണം നടത്തുകയോ ചെയ്യാന്‍ വൈകിയതില്‍ സംഘടനയില്‍ ഭിന്നത. 'അമ്മ' നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. പ്രതികരിക്കാന്‍ വൈകിയതില്‍ താന്‍ വിഷമിക്കുന്നുവെന്നും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.

അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താന്‍. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതല്‍ ഹോട്ടലില്‍ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുള്‍പ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അംഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയില്‍ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയില്‍ സംസാരിച്ച വ്യക്തിയാണ് താന്‍. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാന്‍ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും പ്രതികരിക്കാന്‍ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളോട് യോജിപ്പില്ല. ഇരകളുടെ കൂടെയാണ് അമ്മ നില്‍ക്കുന്നത്. മലയാള സിനിമയില്‍ അമ്മയില്‍ അംഗങ്ങളായാലും ഇല്ലെങ്കിലും അമ്മ നില്‍ക്കുന്നത് ഇരകള്‍ക്കൊപ്പമാണ്. വേട്ടക്കാരനൊപ്പം നില്‍ക്കില്ലെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരന്‍ രംഗത്ത് വന്നു. നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ദീദി ദാമോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല, ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നതെങ്കില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കടും വെട്ട് നടന്നെങ്കില്‍ നിര്‍ഭാഗ്യകരമാണ്. സത്യമാണ് എങ്കില്‍ വളരെ നിര്‍ഭാഗ്യകരമാണ്. അമ്മയുടെ പ്രതികരണത്തില്‍ ആകാംക്ഷ ഇല്ല. ഇത്ര നേരവും പ്രതികരിച്ചില്ല. ഒന്ന് അന്വേഷിക്കാന്‍ പോലും തയാറായില്ല. കലാകാരന്‍മാര്‍ ഇതു വരെ മിണ്ടാതിരുന്നുവെന്നും ദീദി ദാമോദരന്‍ പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകള്‍ ജീവന്‍ പണയം വെച്ചാണ് നല്‍കിയത്. വലിയ വലിയ ആളുകള്‍ ഉദ്ഘാടനങ്ങള്‍ക്കുള്‍പ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവര്‍ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. മാധ്യമങ്ങള്‍ അവരോട് ഈ വിഷയത്തില്‍ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരന്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായുള്ള നീക്കങ്ങള്‍ ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് സര്‍ക്കാര്‍ നടത്തിയ സെന്‍സറിങില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചപ്പോള്‍ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.

സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഖണ്ഡികള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി. സര്‍ക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിന്റെ സെന്‍സറിങ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒളിച്ചുകളി ആരെയോ രക്ഷിക്കാനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു