തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.

റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡികയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരം കേസ് എടുക്കാവുന്ന ചില കുറ്റകൃത്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ നിന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

82-ാം ഖണ്ഡികയുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ എന്ന് കമ്മിറ്റി തന്നെ പ്രത്യേകം വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പോക്സോ സംബന്ധിച്ച് പരാതി നല്‍കാന്‍ കാരണമെന്നും പി.ഇ.ഉഷ പറഞ്ഞു. പോക്സോ ആക്ടിന്റെ 19(1) വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒരു വിവരം കിട്ടിയാല്‍ അത് പോലീസിനെ അറിയിക്കേണ്ടതാണ്. അതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് പൂര്‍ണമായും സൗകര്യപ്രദമായ രീതിയില്‍ പോക്സോ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതിക്രമം നേരിട്ട കുട്ടി തന്നെ പരാതിപ്പെടണമെന്ന് നിയമത്തിലില്ലെന്ന് പി.ഇ. ഉഷ പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹേമയുടെ മുമ്പില്‍ കൊടുത്ത മൊഴിക്ക്, മജിസ്ട്രേറ്റിന് മുന്നില്‍ കൊടുക്കുന്ന മൊഴിയുടെ സാധുതയുണ്ട്. മറ്റുതെളിവുകള്‍ ആവശ്യമില്ല, ബോധ്യപ്പെടുന്നു എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ ഭാഷ. കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടിരിക്കയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അത് പരിശോധിക്കപ്പെടണമെന്നാണ് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കലാരംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ഈ നടപടികള്‍ അത്യാവശ്യമാണെന്ന് കരുതുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി നയിച്ച ഒരു കമ്മിറ്റി നേരിട്ട് ശേഖരിച്ച വസ്തുതകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായ റിപ്പോര്‍ട്ട് തീര്‍ച്ചയായും വളരെ പ്രധാനമാണ്. അതിന്മേല്‍ സമയബന്ധിതമായി നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പരാതിയില്‍ പറയുന്നു.

41 ാം പേജിലെ 82 ാം ഖണ്ഡികയില്‍ പറയുന്നത്:

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കമ്മിറ്റി മുമ്പാകെ പോലും തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ വിമുഖത കാട്ടിയതു തുടക്കത്തില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതു സ്ത്രീകളുടെ വെറും വിമുഖത മാത്രമല്ലെന്നും തങ്ങളോട് അതിക്രമം കാട്ടിയവരുടെ ചെവിയില്‍ വിവരം എത്തിയാല്‍ അവര്‍ തങ്ങളെ അപായപ്പെടുത്തുമെന്നും ഉള്ള പേടിയാണ് അതിന് കാരണമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങളില്‍ പൂര്‍ണമായ രഹസ്യ സ്വഭാവം കാക്കുമെന്ന് ഞങ്ങള്‍ ഉറപ്പുകൊടുത്ത ശേഷമാണ് അവരില്‍ ചിലര്‍ കമ്മിറ്റിക്ക് മുമ്പാകെ തങ്ങളുടെ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.