തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. സിനിമയില്‍ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകന്‍ വെളിപ്പെടുത്തി. ഇയാള്‍ റൂമിലേക്ക് വരനായി ഫോണില്‍ സന്ദേശമയക്കുകയായിരുന്നു. മോള്‍ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകന്‍ വെളിപ്പെടുത്തി.

ചെറുപ്പം മുതല്‍ കാണുന്ന വ്യക്തിയായിരുന്നു ഇയാള്‍. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ സമയമില്ലെന്നും അവര്‍ വ്യക്തമാക്കി.

താരംസംഘടനയായ 'അമ്മ'യ്ക്കെതിരെയും സോണിയ തിലകന്‍ വിമര്‍ശനം ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിലകന്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. തുടര്‍ന്നാണ് സോണിയ പ്രതികരണവുമായി രംഗത്തു വന്നത്. സിനിമയിലെ പതിനഞ്ചംഗ സംഘം പ്രത്യേക അജണ്ടവച്ച്, മാഫിയയെപ്പോലെ തിലകനോട് പെരുമാറുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. തിലകന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചുവെന്നും പിന്നീട് മോശമായി പെരുമാറിയെന്നും സോണിയ ആരോപിച്ചു. താരസംഘടന പിരിച്ചുവിടണമെന്നും തെറ്റുക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മക്ക് ഇരട്ടത്താപ്പാണെന്നും സോണിയ വിമര്‍ശിച്ചു. അച്ഛനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജ്ജവം ഇപ്പോള്‍ കാണിക്കാത്തത് എന്തുകൊണ്ടെന്നും അവര്‍ ചോദിച്ചു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും തന്റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തുവിടണം. ഇരകള്‍ക്ക് നീതി കിട്ടണമെന്നും ഇതിനായി സര്‍ക്കാര്‍ നിയമം ഉണ്ടാക്കണമെന്നും സോണിയ തിലകന്‍ ആവശ്യപ്പെട്ടു.

സോണിയയുടെ വാക്കുകള്‍:

അച്ഛന്‍ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് പലരും ഇത് മുഖവിലയ്ക്കെടുത്തില്ല. ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്. പക്ഷേ, അച്ഛന്‍ അത് തുറന്ന് പറഞ്ഞു.

'എനിക്ക് സിനിമാക്കാരെ ഭയം ഉണ്ടാകേണ്ട കാര്യമില്ല. കുട്ടിക്കാലം മുതല്‍ അവരെ കാണുന്നവതാണ് ഞാന്‍. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളെല്ലാം അച്ഛനുമായി അവര്‍ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്നം വന്നപ്പോള്‍, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണ് ഈ നിലയില്‍ എത്തിച്ചത്. പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഒരാള്‍ നല്ല ഷര്‍ട്ട് ഇട്ടു വന്നാല്‍ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

'അച്ഛന്‍ മരിച്ചതിന് ശേഷം ഒരു പ്രധാനനടന്‍ എന്നെ വിളിച്ചു. അച്ഛനോട് ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി. സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. ഞാന്‍ അവരുടെ സുഹൃത്തിന്റെ മകളാണ്.

'അച്ഛന്‍ മരിച്ചതിന് ശേഷം സിനിമയില്‍ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാല്‍ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങള്‍ മനസ്സില്‍നിന്ന് അങ്ങനെ പോകില്ലല്ലോ. അച്ഛനെ സിനിമയില്‍നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവര്‍ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡന്‍ അജണ്ട വച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പോക്സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ്.'

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്

തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.

ഈ നടന്‍ പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍, അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ പറയുന്നു.