കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങളെ പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായി മാറിയ ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി വന്‍ അഭ്യൂഹങ്ങള്‍. മലയാള സിനിമാ വ്യവസായത്തെ കൊള്ളരുതായ്മകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ട്, ഉന്നതരിലേക്കാണ് വിരല്‍ ചൂണ്ടുന്നു. നടിമാരുടെ മുറികളില്‍ വാതിലില്‍ മുട്ടുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ മുറിയിലേക്ക് വിളിപ്പിക്കലും, രാത്രി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കലുമൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും വലിയ പോരാട്ടം നടക്കുന്നുണ്ട്. ഒരു പ്രമുഖ സൂപ്പര്‍സ്റ്റാറിനെ ഒരുകൂട്ടര്‍ ലക്ഷ്യമിടുമ്പോള്‍, മറ്റൊരു സൂപ്പര്‍സ്റ്റാറിനെയും അയാളുടെ അടുപ്പക്കാരനായ അമ്മ ഭാരവാഹിയെയുമാണ് എതിര്‍വിഭാഗം ലക്ഷ്യമിടുന്നത്. ആരോപിതരായവരുടെ പേരുവിവരങ്ങള്‍ വെട്ടിമാറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പക്ഷേ സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും ഇതു സംബന്ധിച്ച് ചേരി തിരിഞ്ഞ് ചര്‍ച്ചകള്‍ പുരോഗമിക്കയാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ടില്‍ മേല്‍ ഇത്രയും കാലം അടയിരുന്നത് എന്ന ചോദ്യവും വരുന്നുണ്ട്. സര്‍ക്കാറിന് വേണ്ടപ്പെട്ടവനായ ഒരു താരത്തെ സംരക്ഷിച്ചെടുക്കാനുളള അടവായും എതിര്‍പക്ഷം ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവങ്ങളെല്ലാം പെരുപ്പിച്ച് കാട്ടിയതാണെന്നാണ് താരങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്്.

ചില പുരുഷ താരങ്ങള്‍ ലൈംഗികായവ ചിത്രങ്ങള്‍ നടിമാര്‍ക്ക് അയച്ചു നല്‍കുമെന്നും ചില സാക്ഷികള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ നടിമാര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കാണിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയിലെ പ്രമുഖന്‍ നയിക്കുന്ന ഒരു പവര്‍ ഗ്രൂപ്പുണ്ട്. ഇതിലെ 15 അംഗങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിക്രമ പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഇവര്‍ അപ്രഖ്യാപിത വിലക്ക് അടക്കമുള്ളവ സ്വീകരിക്കും. ഒരു കോക്കസായി പ്രവര്‍ത്തിക്കുന്ന ഇവരാണ് പരാതി പറയുന്നവരുടെ സിനിമയിലെ വിധി തീരുമാനിക്കുന്നത്.

വലിയ ആരാധക വൃന്ദമുള്ള നടനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സജീവമായി മേഖലയിലുള്ള പല താരങ്ങളും ഈ കോക്കസിന്റെ ഭാഗമാണ്. പരാതി പറഞ്ഞ സ്ത്രീകളെ പിന്തുണച്ച നടനെ സിനിമ മേഖലയില്‍ നിന്ന് ഒഴിവാക്കി. സീരിയലില്‍ അവസരം തേടി പോയെങ്കിലും അവിടെയും വിലക്കു വന്നു. ആത്മ സംഘടനയാണ് നടനെ സീരിയലുകളില്‍ നിന്നും ഒഴിവാക്കിയത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോര്‍ട്ട്.

2019 ഡിസംബറില്‍ ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുന്‍പ് തള്ളിയിരുന്നു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. വിവരാവകാശ കമ്മിഷന്റ നിര്‍ദേശം അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ തണലിലാണ് പല പ്രമുഖന്‍മാരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.