മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്. ഇക്കാര്യം ബ്രിട്ടീഷ് മധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗ് രാവിലെ 9.30 നാണ് ആക്രമി എത്തിയത്. കാര്‍ ഇടിച്ചു കയറ്റിയ ഇയാള്‍ ശ്രമിച്ചത് സിനഗോഗിന് ഉള്ളില്‍ കടക്കനായിരുന്നു.

പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ആക്രമിച്ച ഇയാളുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടത്തത് ഒരു റബ്ബിയുടെ ഇടപെടലിലൂടെ ആയിരുന്നു. റബ്ബി ഡാനിയേല്‍ വാക്കറാണ് സമചിത്തത കൈവിടാത്ത തന്റെ പരിശ്രമത്തില്‍ ഹീറോയായി മാറിയത്.

സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു. ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് ഇയാള്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. 2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരെയും സംരക്ഷിച്ചു നിര്‍ത്തിയ റബ്ബിയുടെ നടപടി ഹീറോയിസമാണെന്ന് ദൃക്‌സാക്ഷികളും പ്രതികരിച്ചു.

അക്രമിയെ മാഞ്ചെസ്റ്റര്‍ പോലീസ് പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നു. അതേസമയം ജൂത പുണ്യദിനത്തിലുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറിയിട്ടില്ല പ്രദേശത്തെ ജൂതര്‍ക്ക്. 'വര്‍ഷത്തിലെ ഏറ്റവും പുണ്യദിനമാണിത്. ബ്രിട്ടനില്‍ ജൂതന്മാര്‍ക്ക് സ്വസ്ഥമായി കഴിയാനുള്ള ഇടമല്ലാതായി മാറിയെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു.

അക്രമണത്തെ തീവ്രവാദി ആക്രമണമായി കണക്കാക്കുന്നുവെന്ന് യുനൈറ്റഡ് കിങ്ഡം പൊലീസ് അറിയിച്ചു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിനിടെയാണ് ആക്രമണം. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കെട്ടിടത്തിന് പുറത്ത് രണ്ട് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന അക്രമിയെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്‌ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനം വഴി നശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. വിശുദ്ധദിനത്തിലെ ആക്രമണത്തിന്റെ നടുക്കത്തില്‍ മിക്കവരും കരഞ്ഞുകൊണ്ടാണ് സിനഗോഗില്‍ നിന്ന് പുറത്തുവന്നത്.

ബ്രിട്ടണില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉണ്ടായത്. 2014ല്‍ മാത്രം 3500ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയെ സ്റ്റാമെര്‍ കോപ്പന്‍ഹേഗനിലെ യൂറോപ്യന്‍ ഉച്ചകോടി റദ്ദാക്കി ലണ്ടനില്‍ തിരിച്ചെത്തി. ബ്രിട്ടണിലെ മുഴുവന്‍ ജൂത ആരാധനാലയങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു.