ബെയ്‌റൂത്ത്: ഹിസ്ബുള്ളക്കെതിരായ ഇസ്രേയല്‍ നീക്കം ലെബനനുമായുള്ള യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പശ്ചിമേഷ്യയെ അശാന്തമാക്കി തീമഴ പെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ ഹിസ്ബുള്ളയും തിരിച്ചടിക്കാന്‍ തയ്യാറായി രംഗത്തുവന്നതോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായി. ഇസ്രായേലിന്റെ അയേണ്‍ ഡോം സംവിധാനത്തിന് പിടിപ്പത് പണി നല്‍കി കൊണ്ടാണ് ഹിസ്ബുള്ള റോക്കറ്റുകള്‍ എത്തുന്നത്. ഇതോടെ ഇസ്രായേലികളും പരിഭ്രാന്തരായി ഭൂഗര്‍ഭ അറകളിലേക്ക് മാറേണ്ട അവസ്ഥയിലാണ്.

ഇസ്രയേലിലെ ദേശീയപാതകളെ ലക്ഷ്യമാക്കിയാണ് ഹിസ്ബുള്ളയുടെ മിസൈല്‍ വര്‍ഷം തുടരുന്നത്. ഹിസ്ബുള്ള തീവ്രവാദികള്‍ ലബനനില്‍ നിന്നും അയയ്ക്കുന്ന മിസൈലുകളും റോക്കറ്റുകളും തടയാന്‍ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും പലപ്പോഴും അയണ്‍ഡോം സംവിധാനത്തിനും തടയാന്‍ കഴിയാത്ത രീതിയില്‍ മിസൈലുകള്‍ വന്ന് പതിക്കാറുണ്ട്. സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയില്‍ മിസൈലുകള്‍ പൊട്ടിച്ചിതറുന്നതും ഈ കാഴ്ച കണ്ട ഡ്രൈവര്‍മാര്‍ മറ്റ് വഴികളിലൂടെ പോകുന്നതും കാണാം.

വലിയൊരു ശബ്ദത്തോടെ മിസൈലുകള്‍ പതിക്കുന്നതിന്റെയും വലിയതോതില്‍ പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. ദൃശ്യം ചിത്രീകരിച്ച കാറിന് മുന്നില്‍ പോകുകയായിരുന്ന വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ പെട്ടെന്ന് പുേേറത്തക്ക് ചാടുന്നതും റോഡില്‍ കമഴ്ന്ന് കിടക്കുന്നതും കാണാം. ഇന്നലെ ഹിസ്ബുള്ള തീവ്രവാദികള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വീടുകളുടെ ഉടമകളോട് എത്രയും വേഗം വീട് വിട്ട് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

വീടുകളില്‍ നിന്ന് കൈയ്യില്‍ കിട്ടിയ വീട്ടുപകരണങേങളുമായി രക്ഷപ്പെട്ടവര്‍ സമീപത്തുള്ള സ്‌ക്കൂളുകളിലും മറ്റുമാണ് അഭയം തേടിയിരിക്കുന്നത്. അതേ സമയം ഇന്നലെ മാത്രം വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ അയച്ച 55 ഓളം റോക്കറ്റുകള്‍ പതിച്ചതായി സൈന്യം വെളിപ്പെടുത്തി. ഇവയെല്ലാം ലബനനില്‍ നിന്ന് അയച്ചതാണെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് അയയ്ക്കുന്ന കേന്ദ്രവും ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തിരുന്നു.

ഹിസ്ബുള്ളയുടെ ടാങ്കുകളും കവചിത വാഹനങ്ങളുമെല്ലാം ആക്രമണത്തില്‍ തവിടുപൊടിയായിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ ഗലീലിയിലെ

ഒരാശുപത്രിയില്‍ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ ചിലര്‍ എത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അതേ സമയം ലബനനിലേക്ക് കരയാക്രമണം നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നാണ് ഇസ്രയേല്‍ സൈനിക നേതൃത്വം പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ഇതു വരെ ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഒമ്പതിനായിരത്തോളം റോക്കറ്റുകളും ഡ്രോണുകളും അയച്ചതായും അവയില്‍ 250 എണ്ണം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് അയച്ചതെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഹിസ്ബുള്ളയുടെ കൈവശം ഒന്നരലക്ഷത്തോളം റോക്കറ്റുകളും മിസൈലുകളുംഉണ്ടെന്നാണ് ഇസ്രയേലിന്റെ നിഗമനം.

അതേസമയം ചൊവ്വാഴ്ച ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ വിഭാഗം തലവന്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഖുബൈസിയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് പറഞ്ഞു. ഖുബൈസിയുടെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.




രക്തസാക്ഷിത്വം എന്നാണ് ഖുബൈസിയുടെ മരണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചിട്ടുള്ളത്. 1980-കളില്‍ ഹിസ്ബുള്ളയുടെ ഭാഗമായ ഖുബൈസി ഏറെ വൈകാതെതന്നെ മിസൈല്‍ - റോക്കറ്റ് ആക്രമണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയെന്നാണ് വിവരം. വളരെ കൃത്യതയോടെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഖുബൈസിയാണ്. ഇസ്രയേല്‍ സൈന്യത്തിനെതിരായ ഹിസ്ബുള്ളയുടെ നീക്കങ്ങളില്‍ ഖുബൈസി വഹിച്ചിരുന്ന പങ്ക് നിര്‍ണായകമായിരുന്നു.

2000-ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവന്നൊണ് വിവരം. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2004-ല്‍ തടവുകാരെ പരസ്പരം കൈമാറുന്ന നടപടിക്കിടെ ഈ മൂന്ന് സൈനികരുടെ മൃതദേഹങ്ങളും അവര്‍ ഇസ്രയേലിന് കൈമാറിയിരുന്നു. സുപ്രധാന മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഖുബൈസിക്ക് ഹിസ്ബുള്ളയില്‍ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഇസ്രയേല്‍ ലബനനില്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ മരണം 600 അടുത്തു. 1835 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബനനെതിരെ തുറന്ന യുദ്ധം തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കം സൃഷ്ടിക്കുന്ന ആഗോള പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോക രാജ്യങ്ങളും രംഗത്തുണ്ട്. ഇസ്രയേലിനെ നിലക്കു നിര്‍ത്തിയില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്.

തെക്ക്, കിഴക്കന്‍ മേഖലകളില്‍ നിന്ന് ബെയ്റൂട്ട് ലക്ഷ്യമാക്കി ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം. ലബനന്‍സിറിയന്‍ അതിര്‍ത്തിയിലെ ബെകാ താഴ്വരയിലെ ജനവാസ കേന്ദ്രങ്ങള്‍ വ്യാപകമായി ആക്രമണം നടന്നു. വടക്കന്‍ ഇസ്രയേലിലെ ഗലീലിയിലെ ഇസ്രയേല്‍ സൈനിക പോസ്റ്റുകളിലേക്കുമാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. 150ല്‍പ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചത്.