കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡന്‍. സ്‌പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡന്‍ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. മെസ്സിയുടെ പേരില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍ എന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.

മെസ്സി വരാത്ത സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സ്‌പോണ്‍സര്‍ക്ക് അവകാശമുണ്ടോ എന്നും ഹൈബി ചോദിച്ചു. മെസ്സിയുടെ സന്ദര്‍ശനവും കലൂര്‍ സ്റ്റേഡിയവുമായും ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെയും കരാറുകളെയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാന്‍ താല്‍പര്യമുണ്ട്. രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയില്‍ ഫുട്ബാള്‍ ടീം നല്‍കുന്നതാണ് ജി.സി.ഡി.എയുടെ പ്രധാന വരുമാനം. കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടു പോകുന്നുവെന്നാണ് വാര്‍ത്തകള്‍. ഇത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്റ്റേഡിയം അനിശ്ചിതത്വത്തിലാകുമ്പോള്‍ ലീഗ് മത്സരങ്ങള്‍ എങ്ങനെ നടക്കുമെന്നും ഹൈബി ചോദിച്ചു.

സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ഏതു തരത്തിലുള്ള വൈദഗ്ധ്യമാണ് കമ്പനികള്‍ക്കുള്ളത്. മെസ്സി വരാത്ത സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ അടുത്തതായി നടത്താന്‍ പോകുന്ന നിര്‍മാണ പ്രവര്‍ത്തനം എന്താണ്?. സ്റ്റേഡിയം വളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ നിരവധി കമ്മിറ്റികളുടെ അനുമതി വേണം. ഈ അനുമതി വാങ്ങിയിട്ടുണ്ടോ?. സര്‍ക്കാറിന്റെയോ മുഖ്യമന്ത്രിയുടെയോ കായിക മന്ത്രിയുടെയോ അറിവോടെയാണോ നിര്‍മാണ കമ്പനിയുടെ നടപടിയെന്നും ഹൈബി ഈഡന്‍ ചോദിച്ചു.

വിഷയത്തില്‍വ്യക്തത തേടി ഹൈബി ജിസിഡിഎക്ക് കത്തയച്ചിരുന്നു. ഡിസംബറിലെ ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയം സജ്ജമാകുമോയെന്നും അര്‍ജന്റീന മത്സരം നടക്കാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിലുള്ള അവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നും എംപി കത്തില്‍ ചോദിക്കുന്നുണ്ട്. ലയണല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും മത്സരത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാനാണ് കത്ത്. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്‌പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോയെന്നാണ് എംപിയുടെ ആദ്യത്തെ ചോദ്യം.

നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണെന്നും ഭാവിയിലെ കായിക, സാംസ്‌കാരിക പരിപാടികള്‍ക്ക് നവീകരണം ഗുണം ചെയ്യുമോയെന്നും എംപി കത്തില്‍ ചോദിക്കുന്നുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.

ഇതിഹാസ താരം ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്ബാള്‍ താരങ്ങളും കേരളത്തിലേക്ക് തത്കാലം ഇല്ലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റേഡിയം നവീകരണത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചത്. 70 കോടി മുടക്കി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത മെസ്സി സന്ദര്‍ശനത്തിന്റെ മുഖ്യ സ്‌പോണ്‍സറുടെ താല്‍പര്യമാണ് പലരും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ സ്റ്റേഡിയം നവീകരിച്ചാല്‍ മെസ്സി പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശം തരണമെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജി.സി.ഡി.എ നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍, ആ ആവശ്യം അന്നേ തള്ളുകയായിരുന്നു സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന നല്‍കാമെന്നാണ് അന്ന് സ്‌പോണ്‍സറെ അറിയിച്ചതെന്നും ജി.സി.ഡി.എ ഭാരവാഹികള്‍ പറയുന്നു.

കളിക്കുവേണ്ടി നവീകരിക്കാമെന്നല്ലാതെ നടത്തിപ്പില്‍ ഒരു പങ്കാളിത്തവും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്? ഉണ്ടാകില്ലെന്നാണ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ മെസ്സിയും കൂട്ടരും അടുത്തൊന്നും വരില്ലെന്ന് വ്യക്തമായതോടെ നവീകരണവും മുടങ്ങുമോയെന്ന ആശങ്കയിലാണ് കായികപ്രേമികള്‍. നിലവില്‍ അനിശ്ചിതത്വത്തിലാണെങ്കിലും ഈ സീസണിലെ ഐ.എസ്.എല്‍ ഉള്‍പ്പെടെ മത്സരങ്ങള്‍ നടക്കാനുള്ള വേദിയാണ് കലൂര്‍ സ്റ്റേഡിയം.

മെസിയുടെ കേരള സന്ദര്‍ശനം അടുത്ത വിന്‍ഡോയില്‍ നോക്കാമെന്നാണ് ഇപ്പോള്‍ സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ പറയുന്നത്. നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാര്‍ച്ച് വിന്‍ഡോയിലേക്കുള്ള അപ്ലിക്കേഷന്‍ ഫിഫയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആന്റോ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും പേരുപറഞ്ഞ് ഗോട്ടി കളിയല്ല, വലിയ കളികള്‍ തന്നെയായിരുന്നു സ്പോണ്‍സറുടെ ലക്ഷ്യമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ സ്പോണ്‍സറുടെ താല്‍പര്യത്തിലാണ് ദുരൂഹത ഉയരുന്നത്. അര്‍ജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാടിലാണ്. വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും, അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്പോണ്‍സറുടെ അവകാശവാദങ്ങള്‍.

സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും ഇതോടൊപ്പം സ്പോണ്‍സര്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നുമാണ് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പ്രതികരിച്ചത്.