- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴി ഓര്‍മയില്ലെന്ന് മൂന്ന് പേര്; കേസിന് താത്പര്യമില്ലെന്ന് അഞ്ച് പേര്; 26 എഫ്‌ഐആറുകള്‍ പ്രത്യേകാന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍; കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. 18 കേസുകളില്‍ മൊഴി നല്‍കിയവര്‍ സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അഞ്ചുപേര്‍ അറിയിച്ചു. മറ്റ് മൂന്നുപേര്‍ തങ്ങള്‍ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്യു.സി.സി.) നിയമനിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. നവംബര്‍ 21-ന് വീണ്ടും വാദം കേള്‍ക്കും.
പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളില്‍ 26 എഫ്‌ഐആറുകള്‍ പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്‌തെന്നും കോടതിയെ അറിയിച്ചു. ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവര്‍ അന്വേഷണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തി.
26 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതില്‍ 18 എണ്ണത്തില്‍ മൊഴി രേഖപ്പെടുത്താന്‍ അതിജീവിതര്‍ സമയം തേടിയിട്ടുണ്ട് എന്നു സര്‍ക്കാര്‍ അറിയിച്ചു. എട്ടെണ്ണത്തില്‍ അഞ്ച് അതിജീവിതര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ വിസമ്മതിച്ചു. എന്നാല്‍ അന്വേഷണവുമായി പ്രത്യേക സംഘം മുന്നോട്ടുപോകുകയാണ്. മറ്റു തെളിവുകളും ശേഖരിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ യഥാര്‍ഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോഗമിക്കട്ടെയെന്നും കോടതി വ്യക്തമാക്കിയത്. ഈ കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നന്നായി സഹകരിക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരിക്കുന്ന സിനിമാ നയത്തിന് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടു കൂടിയുള്ളത് അഭികാമ്യമായിരിക്കും എന്നും കോടതി പറഞ്ഞു. സിനിമാ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സന്നദ്ധ സംഘടനയും ഇതുസംബന്ധിച്ചു കരട് തയാറാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കി.
എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപീക്കാനും ഇതെല്ലാം പരിഗണിച്ചുകൊണ്ട് സിനിമാനയം രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത് എന്നും കോടതി പറഞ്ഞു. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കും.