കൊച്ചി: നാടിനെ നടുക്കിയ കൊലയായിരുന്നു ദിവ്യയുടേത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും പ്രതി കുറ്റവിമുക്തി നേടുന്നു. സാരികൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ ഊഞ്ഞാലാടുമ്പോള്‍ അബദ്ധത്തില്‍ കുടുങ്ങിയെന്നായിരുന്നു അപ്പീലിലെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ശിക്ഷാ ഇളവ് നല്‍കിയത്. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവിന്റെ കേസ് ഹൈക്കോടതി റദ്ദാക്കുമ്പോള്‍ അത് പ്രോസിക്യൂഷന്‍ വീഴ്ചയാണോ എന്ന ചര്‍്ചയും സജീവം.

പ്രതിയുടെ അപ്പീല്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സംശയത്തിന്റെ ആനുകൂല്യം നല്‍കികൊണ്ടാണ് വിധി. എന്നാല്‍ ഹൈക്കോടതി കേസ് റദ്ദ് ചെയ്ത സാഹചര്യത്തില്‍ പ്രോസിക്യുഷന്‍ വീണ്ടും അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്. അപ്പീല്‍ നല്‍കുന്ന കാര്യം ആലോചനയിലാണ്. നിയമോപദേശവും തേടും. എവിടെയാണ് വീഴ്ച കണ്ടെത്തിയതെന്ന് മനസ്സിലാക്കി തിരുത്തും.

ബാലികയെ കൊലപ്പെടുത്തിയെന്ന കേസില്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച പിതാവിനെ ഹൈക്കോടതി വിട്ടയച്ചു. മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ദിവ്യ (9) യെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പാലക്കാട് ഗോവിന്ദപുരം സ്വദേശി മുരുകനെയാണ് ജസ്റ്റിസ് സി.എസ്. സുധ വെറുതേവിട്ടത്. വ്യക്തമായ തെളിവുകളോടെയായിരുന്നു കീഴ് കോടതി വിധി. ആ ശിക്ഷ തന്നെ കുറവായിരുന്നു എന്ന വിലയിരുത്തലമുണ്ടായിരുന്നു.

2009 മാര്‍ച്ച് 25-നായിരുന്നു ദിവ്യയുടെ മരണം. കുട്ടിയെ പിതാവ് തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് 2016-ല്‍ മുരുകനെ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മുരുകന്റെ രണ്ടാംവിവാഹത്തിലുണ്ടായ മൂത്തകുട്ടിയാണ് ദിവ്യ. ആദ്യഭാര്യയുടെ വീട്ടില്‍ പോകരുതെന്ന് മുരുകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കുട്ടി പോകുമായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവദിവസം മുരുകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തൊട്ടിലില്‍ കളിച്ചുകൊണ്ടിരുന്ന മകളെ പലവട്ടം വിളിച്ചെങ്കിലും വിളി കേട്ടില്ല. കുപിതനായി കൊല നടത്തിയെന്നായിരുന്നു ആരോപണം.