കൊച്ചി: കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്‌കൂള്‍ മാനേജ്‌മെന്റ് വിലക്കിയ സംഭവത്തിലാണ് വിവാദം കൊഴുക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി ചില സംഘടനകളും രംഗത്തുവന്നതോടെ സ്‌കൂളിന് രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കയാണ്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിന് ഭീഷണി ലഭിച്ചതായും ഇതേതുടര്‍ന്ന് രണ്ടുദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഹിജാബ് ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം.

ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്.

ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ തുറന്നതുമുതല്‍ ഇന്നലെവരെ കൃത്യമായി സ്ഥാപനത്തിന്റെ യൂണിഫോം ധരിച്ച് ക്ലാസില്‍ വന്നശേഷം, പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിര്‍ബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ, സ്ഥാപനപരമായ അച്ചടക്കത്തിന്റെ വീക്ഷണകോണില്‍ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറയുന്നു.




സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് കുട്ടിയെ വിലക്കിയത്.

ആരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നതെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് ആരോപിക്കുന്നത്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ ഭീതിയാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. സ്‌കൂളിന്റെ അച്ചടക്കപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ യൂണിഫോം വലിയ പങ്ക് വഹിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രം ഇളവ് അനുവദിച്ചാല്‍, അത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രേരണ നല്‍കുകയും, സ്‌കൂളിന്റെ പൊതുവായ അച്ചടക്ക സംവിധാനം തകരാറിലാകുകയും ചെയ്യുമെന്നും മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.