- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചലിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പാറകളും മരക്കഷ്ണങ്ങളും വീണതോടെ സ്വകാര്യ ബസ് മണ്ണിനടിയില്‍ മൂടി 18 പേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ബസില്‍ 30 ലധികം പേരുണ്ടായിരുന്നതായി പ്രാഥമിക വിവരം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഹിമാചലില്‍ ബസ് മണ്ണിടിച്ചിലില്‍ പെട്ട് 18 മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍പ്പെട്ട് സ്വകാര്യ ബസ് പൂര്‍ണമായും മണ്ണിനടിയില്‍ അമര്‍ന്ന് 18 പേര്‍ മരിച്ചു. മൂന്നുപേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 30ല്‍ അധികം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ബര്‍ദ്ധിന്‍ മേഖലയിലെ ഭല്ലു പാലത്തിന് സമീപമാണ് അപകടം നടന്നത്.
മരോട്ടന്‍-കലൗള്‍ റൂട്ടില്‍ പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മണ്ണും, പാറകളും, മരക്കഷ്ണങ്ങളും ബസ്സിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ്സിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും ഇതില്‍ നിന്നും ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചു. ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവും അപകടത്തില്‍ മരിച്ചു.
പരിക്കേറ്റവരെ ബിലാസ്പൂരിലെ ബര്‍ദ്ധിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ്, അഗ്‌നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തില്‍ ബസ്സിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാറോട്ടന്‍-കലൗള്‍ റൂട്ടില്‍ സര്‍വീസ് നടത്തിവരികയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക.