- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയെ പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്വയം അടച്ചുപൂട്ടുന്നു! പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയെന്ന് സ്ഥാപനകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍; ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് സ്ഥാപനം പൂട്ടുന്നത് തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശങ്കയിലോ?
അദാനിയെ പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്വയം അടച്ചുപൂട്ടുന്നു!
ന്യൂഡല്‍ഹി: അദാനിക്കെതിരായ വെളിപ്പെടുത്തല്‍ കൊണ്ട് ഇന്ത്യയില്‍ വിവാദ കോലാഹലം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചൂപൂട്ടുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയായെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
അതേസമയം ട്രംപ് അധികാരത്തിലേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നത്. ട്രംപ് ഭരണത്തില്‍ അദാനിക്കെതിരായ വെളിപ്പെുത്തല്‍ മാതൃകയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുമോ എന്ന ആശങ്കയാണോ സ്ഥാപനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതിന് കാരണം എന്നതിലും വ്യക്തതയില്ല.
നേരത്തെ തങ്ങള്‍ക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലതതില്‍ അദാനി ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് സ്ഥാപനം അടച്ചൂപുട്ടുന്നത്. ട്രംപ് അധികാരത്തില്‍ എത്തിയതോടെ ആയിരം കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയില്‍ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ വ്യവസായ ഗ്രൂപ്പ് ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസന മേഖലയിലാണ് നിക്ഷേപം ഇറക്കുകയെന്നും അദാനി പറഞ്ഞു. ഇതുവഴി യുഎസില്‍ 15000 പേര്‍ക്ക് തൊഴില്‍ നല്‍കും.
ഇതോടെ തന്നെ ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനിയുടെ ഉടമയായ ആന്‍ഡേഴ്‌സനെതിരെ കുരുക്കു മുറുകിയിരുന്നു. അമേരിക്ക ആസ്ഥാനമായ തന്റെ കമ്പനിയ്ക്ക് ഇതിനൊന്നും ഉത്തരം നല്‍കേണ്ട ആവശ്യമില്ലെന്നും ഇന്ത്യ തന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിന്റെ ഉടമയായ ആന്‍ഡേഴ്‌സന്‍.
ഇപ്പോള്‍ അമേരിക്കയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതോടെ അദാനിയുടെ ബിസിനസ് അമേരിക്കന്‍ മണ്ണിലെ ബിസിനസ് ആയി മാറും. അങ്ങിനെയെങ്കില്‍ ഭാവിയില്‍ ആന്‍ഡേഴ്‌സണും ഹിന്‍ഡന്‍ ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനവും അമേരിക്കയിലും നിയമ നടപടികള്‍ നേരിടേണ്ടി വരും. അദാനി അദ്ദേഹത്തിന്റെ വിവിധ കമ്പനികളിലെ വരവ് ചെലവ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നുവെന്നും അദാനി കമ്പനികളുടെ ഓഹരി വില ഊതിവീര്‍പ്പിക്കാന്‍ വിദേശത്തെ കടലാസ് കമ്പനികള്‍ വഴി കോടികളുടെ കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുന്നുവെന്നും ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഗൗതം അദാനിയുടെ ജ്യേഷ്ഠനാണെന്നും ഒക്കെയുള്ള ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയത്.
അദാനിയെ ഉലച്ച വെളിപ്പെടുത്തല്‍
2023 ജനുവരിയിലാണ് ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം.
ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ തകര്‍ച്ചയുണ്ടായി. ഏകദേശം 15,000 കോടി ഡോളറാണ് (12.5 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായത്. അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയും വന്‍ ഇടിവുണ്ടായി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഇന്ത്യയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലെ പോരിനും ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലുകള്‍ വഴിവച്ചു. അദാനിക്കെതിരായ ആരോപണങ്ങളിന്മേല്‍ പിന്നീട് സെബിയും അന്വേഷണം നടത്തി. വിഷയം സുപ്രീം കോടതിയിലും ഉന്നയിക്കപ്പെട്ടെങ്കിലും ഇവ ആരോപണങ്ങള്‍ മാത്രമാണെന്നും വ്യക്തമായ തെളിവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
അദാനി ഗ്രൂപ്പിന്റെ ഓഹരിയിലും കടപ്പത്രങ്ങളിലും ഷോര്‍ട്ട്-സെല്ലിങ് നടത്തി ലാഭമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നായിരുന്നു സെബിയുടെ വാദം. റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് മാനേജര്‍ മാര്‍ക്ക് കിങ്ഡണുമായി അവ ഹിന്‍ഡന്‍ബര്‍ഗ് പങ്കുവച്ചെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം വഴി ഹിന്‍ഡന്‍ബര്‍ഗ് ലാഭമുണ്ടാക്കിയെന്നുമാണ് സെബി ആരോപിച്ചത്. എന്നാല്‍, അദാനിക്കെതിരായ ആരോപണങ്ങള്‍ ആദ്യം ശരിവച്ച സെബി, പിന്നീട് മലക്കംമറിയുകയായിരുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിച്ചിരുന്നു.
ഇതിനിടെ കടങ്ങള്‍ മുന്‍കൂറായി അടച്ചും പുതിയ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചും നിക്ഷേപ വിശ്വാസം തിരികെപ്പിടിക്കാനും നഷ്ടങ്ങള്‍ വീണ്ടെടുക്കാനും അദാനി ഗ്രൂപ്പ് ശ്രമിച്ചു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ വരുത്തിവച്ച നഷ്ടത്തില്‍ നിന്ന് ഏറെക്കുറി അദാനി ഗ്രൂപ്പ് കരകയറിയെങ്കിലും നഷ്ടം പൂര്‍ണമായും നികത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും കൂട്ടാളികള്‍ക്കും എതിരെ യു.എസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതും വിവാദമായിരുന്നു.