കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മതിയായ പരിചരണം കിട്ടാതെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മലപ്പുറത്ത് വീട്ടില്‍ നടത്തിയ അഞ്ചാം പ്രസവത്തില്‍ 35കാരിയായ അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചര്‍ ചികിസ്തയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും അക്യുപഞ്ചര്‍ ചികിത്സാ രീതി പഠിച്ചത്. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്തുകയായിരുന്നു.

ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന്‍ ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.

അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി.

ഒന്നരവര്‍ഷം മുന്‍പാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീന്‍. മടവൂര്‍ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. ഇവര്‍ക്ക് നാല് മക്കളുള്ളതായി പോലും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.

അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഉമ്മയില്ലാത്ത അഞ്ച് മക്കള്‍

പ്രസവത്തിനിടെ ചികിത്സ കിട്ടാതെ 35കാരിയായ അസ്മ മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുള്‍പ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്.

മൂത്ത മകന് 14 വയസ്സുണ്ട്. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്‌റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ അസ്വസ്ഥതകള്‍ കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മന്ത്രവാദവും സിദ്ധവൈദ്യവും അക്യുപഞ്ചര്‍ ചികിത്സയും പ്രയോഗിച്ചത് പ്രസവ സമയത്ത് വിനയായെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്മ പ്രസവസമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ താന്‍ പഠിച്ച ചികിസാരീതികള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

യുവതിയുടെ മൂന്ന് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. പ്രസവസമയത്ത് അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മൂത്ത മകന്‍ വെള്ളം കൊടുത്തു. ഈ സമയത്തും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സിറാജുദ്ദീന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.